എന്നെ കൊല്ലാന്‍ വരുന്നേ; രക്ഷിക്കണമെന്നപേക്ഷിച്ച് യുവാവ്; വലഞ്ഞ് പോലീസ്

News

ഇടുക്കി: മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി വന്നതായിരുന്നു യുവാക്കളുടെ അഞ്ചംഗ സംഘം. കാഴ്ചകള്‍ കണ്ടതിനു ശേഷം രാത്രി മൂന്നാറിലെ തന്നെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇതിലൊരു യുവാവ് രാത്രി പതിനൊന്നരയോടെ എന്നെ കൊല്ലാന്‍ വരുന്നേ.. രക്ഷിക്കണേ എന്നലറി പുറത്തേക്കോടി പോലീസ് സ്റ്റേഷനിലെത്തി. ഉടനെ തന്നെ പോലീസ് ലോഡ്ജിലെത്തി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. കൂടെയുള്ള മറ്റു യുവാക്കള്‍ക്കും ഇതിനെക്കുറിച്ച് വിവരമില്ലായിരുന്നു. കൊലപാതക ശ്രമവും യുവാവിന്റെ ഓട്ടവുമെന്നും ഇവര്‍ അറിഞ്ഞിട്ടില്ല. എന്തായാലും പോലീസ് ഇയാളെ റൂമിലാക്കി സ്റ്റേഷനിലേക്ക് തിരിച്ചു പോയി.

പാതി രാത്രി രണ്ടര കഴിഞ്ഞപ്പോള്‍ വീണ്ടും പോലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍ വന്നു. വിളിച്ചത് യുവാവ് താമസിക്കുന്ന ലോഡ്ജിന്റെ ഉടമയായിരുന്നു. തന്നെ ആരോ കൊല്ലാന്‍ വരുന്നു എന്ന് പറഞ്ഞ് യുവാവ് റിസപ്ഷനില്‍ ഒളിച്ചിരിക്കുകയാണെന്ന് ലോഡ്ജ് ഉടമ പോലീസിനെ അറിയിച്ചു. പോലീസ് വീണ്ടും ലോഡ്ജിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് യുവാവിനെ സ്റ്റേഷനില്‍ കൊണ്ടു പോയി ഇരുത്തി.

രാവിലെ പോലീസ് യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇതിന്‍ നിന്നാണ് പോലീസിനു കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായത്. ഗുരുവായൂരില്‍ നിന്നെത്തിയ യുവാക്കളുടെ അഞ്ചംഗ സംഘം മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ പോയ ശേഷം കാഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ലോഡ്ജിലെത്തി മദ്യവും കഴിച്ചു. രണ്ടു ലഹരി പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് അകത്തെത്തിയപ്പോള്‍ യുവാവിനു മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുകയും തന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ടെന്ന് തോന്നുകയും ചെയ്യുകയായിരുന്നു.

കഞ്ചാവ് കണ്ടെടുക്കാന്‍ സാധിക്കാത്തത് കൊണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. മാതാപിതാക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം തിരിച്ചയക്കുകയാണുണ്ടായത്.