ഗാന്ധിജിയുടെ ജീവചരിത്രം ഏറ്റവും നീളം കൂടിയ കാന്‍വാസിലേക്ക് പകര്‍ത്തി: ലോക റെക്കോഡ് നേട്ടത്തില്‍ ‘ഗാന്ധിപഥം ‘ ചിത്രകാരന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി

Entertainment Keralam Local News

തേഞ്ഞിപ്പലം: ഗാന്ധിജിയുടെ ജീവചരിത്രം ഏറ്റവും നീളം കൂടിയ കാന്‍വാസിലേക്ക് പകര്‍ത്തി ലോകറെക്കോഡ് നേടിയ ‘ഗാന്ധിപഥം ‘ ചിത്രരചനാ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കി.
വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടിയ യജ്ഞത്തില്‍ 101 കലാകാരന്മാരാണ് പങ്കെടുത്തത്.
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍, കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി, ആര്‍ട്ട് കേരള മുസിരിസ് എന്നിവ ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ 201.3 മീ. നീളമുള്ള ക്യാന്‍വാസ് ഉപയോഗിച്ചു. 7 മണിക്കൂറും 40 മിനുറ്റുമെടുത്താണ് യജ്ഞം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
ഗാന്ധിചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. ആര്‍സു ഉദ്ഘാടനം ചെയ്തു. ആര്‍.എസ്. പണിക്കര്‍ അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു.
ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറി ടി.ജെ. മാര്‍ട്ടിന്‍, റിട്ട. കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയര്‍ വി.ആര്‍. അനില്‍കുമാര്‍, ഡോ. എം.സി.കെ. വീരാന്‍, ആര്‍ട്ട് കേരള മുസിരിസ് ഭാരവാഹി അഡ്വ. എ.വി. ബിജു, സുരേഷ് കാട്ടിലങ്ങാടി, റഹ്മാന്‍ കൊഴുക്കല്ലൂര്‍, സിഗ്‌നി ദേവരാജ്, ജയന്ത് കുമാര്‍, മജ്നി തിരുവങ്ങൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു