വിനോദ സഞ്ചാര സ്ഥലങ്ങളും ഉത്സവ പറമ്പുകളും ലഹരി വില്‍പന: 4പേര്‍ പിടിയില്‍

Crime Keralam Local News

മഞ്ചേരി : മലപ്പുറം ജില്ലയിലെ വിവിധ വിനോദ സഞ്ചാര സ്ഥലങ്ങളും ഉത്സവ പറമ്പുകളും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വില്പന നടത്തിവന്ന സംഘത്തിലെ നാലു പേര്‍ പിടിയിലായി. മൊറയൂര്‍ അരിമ്പ്ര സ്വദേശികളായ ആലിങ്ങല്‍ കുണ്ട് അനില്‍ (29), ഭരണിക്കുന്ന് ശ്രീജേഷ് എന്ന കുഞ്ഞു. (26), പാലക്കുന്ന് മുഹമ്മദ് റാഫി (28), മഞ്ചേരി വള്ളുവമ്പ്രം സ്വദേശി പാറക്കല്‍ പറമ്പില്‍ തൊടി സല്‍മാന്‍ ഫാരിസ് (25 ) എന്ന സുഡാനി ഫാരിസ് എന്നിവരാണ് പിടിയിലായത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് രാസ ലഹരി വിഭാഗത്തില്‍പെട്ട എം ഡി എം എ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അനില്‍, ശ്രീജേഷ്, റാഫി എന്നിവര്‍ ഉള്‍പ്പെടെ മുന്നംഗ സംഘത്തെ മിനി ഊട്ടിയില്‍ വച്ചും സുഡാനി ഫാരിസിനെ മൊറയൂരില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ ലഹരി കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2018 ല്‍ എക്‌സൈസ് 3 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സുഡാനി ഫാരിസിന് നാലു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. കൊണ്ടാട്ടി, കരിപ്പൂര്‍ , മഞ്ചേരി സ്റ്റേഷനുകളില്‍ മയക്കുമരുന്നു കേസുകള്‍ നിലവിലുള്ള ഫാരിസ് ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. റാഫി, അനില്‍ എന്നിവര്‍ക്ക് കരിപ്പൂര്‍ , കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി അടജ എഎസ്പി ജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ്, എസ് ഐ ഫാദില്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍ സാഫ് സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി