ബസ് ഉടമകളുടേയും തൊഴിലാളികളുടേയും പ്രശ്‌നത്തില്‍ ഭരണകക്ഷിയുടെ തൊഴിലാളിനേതാക്കള്‍ മൗനം വെടിയണം: ജോയ് ചേട്ടിശ്ശേരി

News

ബസ് ഉടമകളുടേയും സാധാരണക്കാരായ തൊഴിലാളികളുടേയും കാര്യത്തില്‍ ഭരണകക്ഷിയുടെ തൊഴിലാളിനേതാക്കള്‍ മൗനം പാലിക്കുന്നതിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗാനൈസേഷന്‍ സംസ്ഥാന സീനിയര്‍ സെക്രട്ടറി ജോയ് ചേട്ടിശ്ശേരി. ഏതു കാര്യത്തിനും അഭിപ്രായം പറയുന്ന തൊഴിലാഴി നേതാക്കള്‍ ബസ് ഉടമകളുടെയും തൊഴിലാളികളുടേയും കാര്യം വരുമ്പോള്‍ മാത്രം പ്രതികരിക്കാതിരിക്കുകയാണെന്നും ഇത് പ്രതിഷേധാഹര്‍മാണെന്നും അദ്ദേഹം പറഞ്ഞു. ഉടമകളെയും തൊഴിലാളികളെയും കൂടാതെ ലക്ഷക്കണക്കിനു യാത്രക്കാരും പെരുവഴിയിലാണ്. കേരളത്തില്‍ ഭൂരിഭാഗം ആളുകളും പൊതുഗതാഗത മേഖലയെയാണ് ആശ്രയിക്കുന്നത്.

ദിനംപ്രതി വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ബസ് വ്യവസായ മേഖല എത്രത്തോളം പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നുണ്ട്. കടം കയറി ജീവിതം വഴി മുട്ടുമ്പോഴാണ് ഇവരൊക്കെ ആത്മഹത്യക്കൊരുങ്ങിയിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ ഇവര്‍ക്ക് വരില്ലായിരുന്നു. ഇതിനു വേണ്ടി മുന്‍കൈയ്യെടുക്കാന്‍ ഭരണകക്ഷിയുടെ തൊഴിലാളി നേതാക്കളും മുന്നോട്ടു വന്നിട്ടില്ല. ഇനിയെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ബഹു. മുഖ്യമന്ത്രിയെ അടിയന്തിരമായി ഇടപെടുവിക്കണമെന്നും ജോയ് ചേട്ടിശ്ശേരി ആവശ്യപ്പെട്ടു.