തനിക്കെതിരായ കേസുകളുടെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റണം: അപേക്ഷ നല്‍കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

News

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തനിക്കെതിരായ കേസുകളുടെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കി. അദ്ദേഹം ലക്ഷദ്വീപില്‍ നടപ്പില്‍ വരുത്തിയ പുതിയ നിയമങ്ങള്‍ക്കെതിരെ ദ്വീപില്‍ നിന്നും പുറത്തു നിന്നും ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്.

കേരള ഹൈക്കോടതിയില്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളുടെ അധികാര പരിധി ബാഗ്ലൂരിലേക്ക് മാറ്റണമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടത്. ദ്വീപില്‍ നടപ്പാക്കിയ ഗുണ്ടാ ആക്റ്റും തീരങ്ങളില്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ ഉപയോഗിക്കുന്ന കുടിലുകള്‍ പൊളിച്ചതിനെയും ചോദ്യം ചെയ്തു കൊണ്ടാണ് ഹൈക്കോടതിയില്‍ കേസ് നില നില്‍ക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേഷ്വര്‍ ഷര്‍മ അസുഖം മൂലം മരിച്ചപ്പോഴാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. തുടര്‍ന്ന് ടൂറിസം വികസനത്തിനെന്ന പേരില്‍ അദ്ദേഹം അവിടെ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളും ലക്ഷദ്വീപിനു പിന്തുണയുമായി രംഗത്തു വന്നിരുന്നു.