കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 75 സ്‌നേഹ വീടുകളുയരും

Local News

മലപ്പുറം: ജില്ലാ കുടുംബശ്രീ മിഷൻ സി.ഡി.എസുകൾ സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലപ്പുറം ജില്ലയിൽ 75 സ്‌നേഹ വീടുകൾ ഉയരും. ഓരോ സി.ഡി.എസുകളുടെ പരിധിയിൽ വരുന്ന നിർധരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗൃഹശ്രീ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ധനസഹായവും സി.ഡി.എസുകൾ സമാഹരിക്കുന്ന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിർമാണം. കേരള ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായാണ് പദ്ധതി നടപ്പാക്കുക.

മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ളവരും സ്വന്തമായി വീടില്ലാത്തതും എന്നാൽ ലൈഫ് പദ്ധതി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും നിർധന കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. കൂടാതെ ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവരുമായിരിക്കണം. വിധവ, വിവാഹ മോചിത, 40 വയസ്സ് കഴിഞ്ഞ അവിവാഹിത, ഭിന്നശേഷിക്കാരുള്ള കുടുംബം, കിടപ്പിലായ രോഗികളുള്ള കുടുംബം, ഭിന്ന ലിംഗക്കാർ തുടങ്ങിയവർക്ക് മുൻഗണന നൽകും.
ഏതെങ്കിലും തരത്തിലുള്ള വായ്പയെടുത്ത് ഭവന നിർമാണം നടത്താൻ കഴിയാത്തവരെയും ഗുണഭോക്താവായി പരിഗണിക്കും. 40 സ്‌ക്വയർ മീറ്ററിൽ കുറയാത്ത വീടുകളാണ് നിർമിക്കുക. പദ്ധതി പ്രകാരം ഓരോ സി.ഡി.എസിലും രണ്ട് വീടുകളെങ്കിലും ഒരുക്കി നൽകും.

ആനക്കയം, പൊന്നാനി, പള്ളിക്കൽ, വളാഞ്ചേരി, ഏലംകുളം, കൽപ്പകഞ്ചേരി, കൊണ്ടോട്ടി, മഞ്ചേരി, നിറമരുതൂർ, മേലാറ്റൂർ, പുറത്തൂർ, താനാളൂർ, വാഴയൂർ, വെട്ടം, ആതവനാട്, കരുവാരക്കുണ്ട്, പുൽപ്പറ്റ, വണ്ടൂർ, വഴിക്കടവ്, കീഴുപറമ്പ്, എടക്കര,
മൂത്തേടം, മമ്പാട്, പോരൂർ തുടങ്ങിയ കുടുംബശ്രീ സി.ഡി.എസുകളിലാണ് സ്‌നേഹ വീടുകൾ നിർമിച്ച് നൽകുക.