പറക്കുംതളികയിലെ താമരാക്ഷന്‍ പിള്ള പെരിന്തല്‍മണ്ണയില്‍

Local News

മലപ്പുറം: ഈ പറക്കുംതളികയിലെ താമരാക്ഷന്‍ പിള്ള ബസ് പെരിന്തല്‍മണ്ണയില്‍. മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കാത്ത സിനിമയാണു ഈ പറക്കും തളിക എന്ന സിനിമയും അതിലെ താമരാക്ഷന്‍ പിള്ള ബസും. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഉണ്ണികൃഷ്ണനേയും സുന്ദരേശനേയും സി.ഐ വീരപ്പന്‍ കുറുപ്പിനേയും ബസന്തിയേയും സുന്ദരേശന്റെ ശത്രുവായ എലിയേയും ഒക്കെ ഇപ്പോള്‍ പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ എത്തിയാല്‍ കാണാന്‍ കഴിയും.
ദിലീപും, ഹരിശ്രി അശോകനും തകര്‍ത്തഭിനയിച്ച് വന്‍ വിജയം നേടിയ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഇവിടെയുണ്ട്.
താമരാക്ഷന്‍ പിള്ള ഇപ്പോള്‍ നഗരസഭയ്ക്ക് സ്വന്തമാണ്. നഗരസഭയുടെ മിനി എം സി എഫ് അതായത് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ആണിത്. ചുരുക്കി പറഞ്ഞാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാനുള്ള സംവിധാനം. നഗരസഭയുടെ കാര്യാലയത്തിന് മുന്നില്‍ നിയമലംഘനത്തിനു കസ്റ്റഡിയിലെടുത്തു കിടന്നിരുന്ന ഒരു വാഹനമാണ് പിന്നീട് ഉടമയുശട കൂടി സമ്മതത്തോടെ താമരാക്ഷന്‍ പിള്ളയായി മാറിയത്. ആര്‍ട്ടിസ്റ്റ് ചന്ദ്രനാണ് താമരാക്ഷന്‍ പിള്ളയെ യാഥാര്‍ത്ഥ്യമാക്കിയത്. ഒപ്പം പെരിന്തല്‍മണ്ണ പോളിടെക്നിക്കിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹായവും ഉണ്ട്. സംസ്ഥാനത്ത് മിക്കയിടത്തും ഇത്തരത്തില്‍ എംസിഎഫുകള്‍ ഉണ്ടെങ്കിലും താമരാക്ഷന്‍പിള്ള കെട്ടിലും മട്ടിലും അല്പം വ്യത്യസ്തമാണ്
താമരാക്ഷന്‍ പിള്ള എന്ന വലിയ അക്ഷരത്തില്‍തന്നെ ബസിനു മുകളില്‍ പേര് എഴുതിയിട്ടുണ്ട്. മുന്‍ഭാഗത്തെ ഗ്ളാസില്‍ ദീലീപ് അഭിനയിച്ച ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം ബസ് ഡ്രൈവ് ചെയ്യുന്ന ചിത്രമാണ്. തെട്ടടുത്തു തഴന്ന ഹരിശ്രി അശോകന്റെ സുന്ദരേശന്‍ എന്ന കഥാപാത്രവും ഉണ്ട്. മുന്‍വശത്തുതന്നെ സുന്ദരേശന്റെ ശത്രുവായ എലിയുമുണ്ട്. മറ്റു കഥാപാത്രങ്ങളെല്ലാം ബസിനു ചുറ്റുമുണ്ട്.
ഇതുവഴി വരുന്നവരെല്ലാം കൗതുകം കാരണം അല്‍പസമയം ഇവിടെ ചെലവഴിച്ചാണു പോകുന്നത്. കഥാപാത്രങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ തന്നെ ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ പകര്‍ത്തിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പു നിയമലംഘനത്തിനു കസ്റ്റഡിയിലെടുത്ത വാഹനമാണു പെരിന്തല്‍മണ്ണ നഗരസഭക്കു സമീപം നിര്‍ത്തിയിട്ടിരുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറുംബസിനു കാലപ്പഴക്കം വരികയും ഓരോ വസ്തുക്കളും പറക്കുംതളികയിലെ താമരാക്ഷന്‍ പിള്ളപോലെതന്നെ കേടാവുകയും പൊളിഞ്ഞു വീഴുകയുംചെയ്തു. ബസിന്റെ പുറത്തെ ഷീറ്റുകള്‍ പൂര്‍ണമായും അടര്‍ന്നു വീണ് കമ്പികള്‍ മാത്രമായിരുന്നു അവസാനം. തുടര്‍ന്നു ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണു ഷീറ്റുകളും, മറ്റു പലകകളും ഉള്‍പ്പെടെ നഗരസഭയുടെ സഹായത്തോടെ നഗരസഭാ ക്ലീന്‍സിറ്റി വിഭാഗം വാങ്ങിച്ചത്. പെരിന്തല്‍മണ്ണ പോളിടെക്നിക്കിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും കട്ടക്കു കൂടെ നിന്നു.
ബസ് ദ്രവിച്ചു തുടങ്ങിയതോടെ പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. മദ്യക്കുപ്പികള്‍ ഇവിടെ നിന്നും ലഭിക്കുന്നതും പതിവായിരുന്നു. ഇതോടെയാണു ഇവിടെ സൗന്ദര്യ വല്‍ക്കരണം നടത്തി ശ്രദ്ധയാകര്‍ഷിപ്പിക്കാന്‍ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ സി.കെ. വത്സനും സംഘവും തീരുമാനിച്ചത്. ഇക്കാര്യത്തിനു നഗരസഭാ അധികൃതരുടെ പൂര്‍ണ പിന്തുണയും ലഭിച്ചു.
ഇതോടെ മാലിന്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും കാണാന്‍ സാധിച്ചു. മാസങ്ങളോളം നീണ്ട പ്രയത്നത്തിനൊടുവിലാണു ഈ കാണുന്ന താമരാക്ഷന്‍ പിള്ള ബസ് സജ്ജമായതെന്നു അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് ഒരു ഓപ്പണ്‍ ജിംനേഷ്യവും, കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാനും ആലോചന നടക്കുണ്ട്.