താമസം ഏതുനിമിഷവും നിലം പൊത്താവുന്ന പ്ലസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡില്‍. പൂര്‍വ്വികമായി ലഭിച്ച ഭൂമിക്കു രേഖയില്ല

Local News

മലപ്പുറം: താമസം പ്ലസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡില്‍. പൂര്‍വ്വികമായി ലഭിച്ച ഭൂമിക്കാണെങ്കില്‍ കൈയില്‍ ഒരു രേഖയുമില്ല. വിവാഹപ്രായമായ മകളും, ഭാര്യയുമൊത്തു കൂലിതൊഴിലാളിയായ സുനില്‍ അന്തിയുറങ്ങുന്നത് ഏതു നിമിഷവും നിലംപൊത്താവുന്ന ഷെഡില്‍. നിലമ്പൂര്‍ അഞ്ചച്ചവിടി സ്വദേശിയായ മലയന്‍വീട്ടില്‍ സുനിലും കുടുംബവും തങ്ങളുടെ ഭൂമിയുടെ രേഖകള്‍ക്കായി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. അവസാനം മലപ്പുറം ജില്ലാ കലക്ടര്‍ക്കു മുന്നിലെത്തിയപ്പോഴും പരിശേധിച്ചുപറയാമെന്ന മറുപടിയാണു കിട്ടിയതെന്നും സുനിലും ഭാര്യയും പറയുന്നു. തന്റെ മുത്തച്ഛന്‍മാരില്‍നിന്നും പൂര്‍വ്വികമായി ലഭിച്ച ഭൂമിയിലാണു തങ്ങള്‍ താമസിക്കുന്നതെന്നും എന്നാല്‍ ഭൂമിയുടെ രേഖകള്‍ ഒന്നും ഇപ്പോള്‍ കൈവശമില്ലാത്തതിനാല്‍ വീടുവെക്കാന്‍ ലൈഫ് പദ്ധതിയിലൂടെ ഫണ്ട് പാസ്സായിട്ടും ലഭിക്കാത്ത സാഹചര്യമാന്നെും സുനിലും ഭാര്യയും പറയുന്നു. ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ തങ്ങള്‍ക്കു പതിച്ചു നല്‍കിയതാണെന്നു ചൂണ്ടിക്കാട്ടി സുനിലിന്റെ മാതാവ് നീലി മലപ്പുറം ജില്ലാ കലക്ടര്‍ക്കും, വില്ലേജ് ഓഫീസര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരുനടപടിയുമുണ്ടായില്ലെന്നു വീട്ടുകാര്‍ പറയുന്നു.
ഈഭൂമി സി-8 35325/1975 നമ്പര്‍ പ്രകാരം എന്റെ പിതാവായ കടുങ്ങനു സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണെന്നു ചൂണ്ടിക്കാട്ടിയും ഇതില്‍ അടിയന്തര തീര്‍പ്പുണ്ടാക്കി എസ്.സി വിഭാഗത്തില്‍പ്പെട്ട നിര്‍ധന കുടുംബത്തിന് ലൈഫ് മിഷനില്‍ പാസ്സായ വീടുവെക്കാന്‍ പാസ്സായ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള ഇടപെടലുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണു നീലി മലപ്പുറം ജില്ലാകലക്ടര്‍ക്കു പരാതി നല്‍കിയത്. പരിശോധിച്ചു നടപടിയെടുക്കാമെന്ന കലക്ടര്‍ പറഞ്ഞെങ്കിലും വില്ലേജ് ഓഫീസില്‍നിന്നും മതിയായ ഇടപെടലുകളുണ്ടാകുന്നില്ലെന്നാണു വീട്ടുകാരുടെ പരാതി.