അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് 1.74 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Local News

മഞ്ചേരി : വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് 1,74,33,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ വിധിച്ചു. കാരക്കുന്ന് ആമയൂര്‍ ചെറുപള്ളിക്കല്‍ പോരൂര്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ അജുംഷ് (31) നാണ് പരിക്കേറ്റത്. 2019 ജൂലൈ ഒമ്പതിന് രാവിലെ 7.40നായിരുന്നു അപകടം. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ബി എസ് സി നഴ്സായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന അജുംഷ് അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് ബൈക്കില്‍ വരുമ്പോള്‍ നെല്ലിപ്പറമ്പു വെച്ച് എതിരെ വന്ന ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജുംഷ് നിലവിലും അബോധാവസ്ഥയില്‍ തുടരുകയാണ്. നഷ്ടപരിഹാരത്തുകക്കൊപ്പം ഒമ്പതു ശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്നും ജഡ്ജി ടി എച്ച് രജിത വിധിച്ചു. റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനി പെരിന്തല്‍മണ്ണ ശാഖയാണ് തുക നല്‍കേണ്ടത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി