തോട്ടത്തിലിറങ്ങിയ കാട്ടാനക്ക് സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റു

Local News

മലപ്പുറം: തോട്ടത്തിലിറങ്ങിയ കാട്ടാനക്ക് സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റു. കരിമ്പുഴ പാത്തിപ്പാറ ഭാഗത്ത് രാത്രി 11.40 ഓടെയാണ് ആന ഇറങ്ങിയത്. ഇതിനിടയില്‍ തോട്ടത്തിന് സമീപം ഇട്ടിരുന്ന സോളാര്‍ വേലിയില്‍ നിന്നും ആനക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ലൈന്‍ ഓഫ് ചെയ്തു. കുറച്ചു നേരത്തിന് ശേഷം ആന എഴുന്നേറ്റു പോയി. ഫോറസ്റ്റ് ഓഫിസര്‍മാര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി.
മേഖലയില്‍ കാട്ടാനശല്യം രഝക്ഷമായിരുന്നു. ഇതിനെ തുടര്‍ന്നാണിവിടെ സോളാര്‍ വേലി സ്ഥാപിച്ചിരുന്നത്. നേരത്തെ എടവണ്ണ റേഞ്ചില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയിരുന്നു.
എടവണ്ണ റേഞ്ച് പരിധിയിലെ എടക്കോട് വനം സ്റ്റേഷന്‍ ഭാഗത്തുവരുന്ന മമ്പാട് പഞ്ചായത്തിലെ കുറ്റിമണ്ണ തൈക്കാട്ട് റസാഖിന്റെ റബര്‍ തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കാട്ടാന വീണത്. റബര്‍തോട്ടത്തില്‍ റാട്ടപുരയുടെ ആവശ്യത്തിന് ഉണ്ടാക്കിയ കിണറ്റിലാണ് ആന വീണത്. ആറു വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയാണ് അപകടത്തില്‍പ്പെട്ടത്. കൊമ്പിനും
തുമ്പികൈയ്ക്കും നേരിയ പരിക്കേറ്റിരുന്നു. തുമ്പിക്കൈ പുറത്തേക്ക് കാണാവുന്ന രീതിയിലാണ് കിണറ്റില്‍ കിടന്നിരുന്നത്. തുടര്‍ന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറ്റിലെ രണ്ടു റിംഗുകള്‍ തകര്‍ത്താണ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. കിണറ്റില്‍ നിന്നു രക്ഷപ്പെട്ട കാട്ടാന സമീപത്തെ വനമേഖലയിലേക്ക് കയറി പോയി. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമാണിത്.