കൊലക്കേസ് പ്രതി പരോളില്‍ കഴിയവെ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് വയോധികയെ റബര്‍ തോട്ടത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി

Local News

മലപ്പുറം: കൊലപാതകക്കേസിലെ പ്രതി പരോളില്‍ കഴിയവെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു. അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് എസ്ടി കോളനിയിലെ ചാത്തന്‍ (53)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൂരി എന്ന വയോധികയെ 2007-ല്‍ ചുള്ളിയോട് പാല്‍ സൊസൈറ്റിക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ ചാത്തന്‍ കഴിഞ്ഞ 19 നാണ് ഒരു മാസത്തെ പരോളില്‍ ഇറങ്ങിയത്. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെ ഒട്ടേറെ അസുഖങ്ങളുള്ളതിനാല്‍ മരുന്നുകഴിച്ചു വരികയായിരുന്നു.
വീട്ടുകാരാണ് ഞായറാഴ്ച ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതി മജിസ്‌ട്രേറ്റ് സാറാ ഫാത്തിമ, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറത്ത് നിന്നു പോലീസ് ഫോട്ടോഗ്രാഫര്‍മാരായ വിനോദ്, വിമല്‍, കണ്ണൂര്‍ ജയില്‍ ഡിപിഒ പ്രതീഷ് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. നിലവില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി എന്ന നിലയില്‍ എല്ലാ നിയമനടപടികളും പൂര്‍ത്തികരിച്ചാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോയത്. പൂക്കോട്ടുംപാടം സിഐ സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ആശുപത്രിയിലുണ്ടായിരുന്നു.
ഭാര്യ: പരേതയായ നങ്ക. മക്കള്‍: സിന്ധു, ലക്ഷ്മി. മരുമകന്‍: ഷിജു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനു ചെട്ടിപ്പാടം
പൊതുശ്മശാനത്തില്‍.