ചങ്ങരംകുളത്ത് പണയസ്വര്‍ണ്ണം മാറ്റി വെക്കാന്‍ എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി കാളികാവ് പോലീസിന്റെ പിടിയില്‍.പിടിയിലായത് കാളികാവില്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍

Crime Local News

ചങ്ങരംകുളം:പണയസ്വര്‍ണ്ണം മാറ്റി വെക്കാന്‍ എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി കാളികാവ് പോലീസിന്റെ പിടിയില്‍.കുറ്റിപ്പുറം നടുവട്ടം സ്വദേശി അബ്ദുല്‍ നാസര്‍(44)നെയാണ് വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ സ്വര്‍ണ്ണം തട്ടിയെടുത്തെന്ന പരാതിയില്‍ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്‌.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചങ്ങരംകുളത്ത് പണയ സ്വര്‍ണ്ണം മാറ്റി വെക്കാനെന്ന പേരില്‍ സ്വകാര്യ പണമിടപാട് ജീവനക്കാരെ കബളിപ്പിച്ച് 2 ലക്ഷത്തിലതികം രൂപ രണ്ട് പേരില്‍ നിന്ന് തട്ടിയെടുത്തിരുന്നു.പണം തട്ടി കടന്ന് കളഞ്ഞത് ഇയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പണയ സ്വര്‍ണ്ണം മാറ്റിവെക്കാന്‍ പണം വാങ്ങി കെട്ടിടത്തിന് മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപ്പോയ പ്രതി പുറകിലുള്ള മറ്റൊരു കോണിപ്പടി വഴി രക്ഷപ്പെടുകയായിരുന്നു.
സ്വര്‍ണ്ണം എടുത്ത് വരാമെന്നും നിങ്ങള്‍ താഴെ നിന്നാല്‍ മതിയെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ കോണിപ്പടി കയറി പോയത്.

സ്ഥാപനത്തിന് പുറകില്‍ മറ്റൊരു കോണിപ്പടി ഉള്ള വിവരം നേരത്തെ തിരിച്ചറിഞ്ഞാണ് ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.

സ്വര്‍ണ്ണ വായ്പക്ക് കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്ന പുതുതായി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.

സ്വര്‍ണ്ണം മറ്റൊരു ഫൈനാന്‍സില്‍ പണയത്തിലാണെന്നും എടുത്ത് തന്നാല്‍ നിങ്ങളുടെ സ്ഥാപനത്തില്‍ പണയം വെക്കാമെന്നും ഇയാള്‍ ഓഫര്‍ നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഫൈനാന്‍സ് ജീവനക്കാരെ താഴെ നിര്‍ത്തി ജീവനക്കാരില്‍ നിന്ന് പണം വാങ്ങി കോണിപ്പടി കയറിപ്പോയ ആളെ കാണാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്ത് അറിയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി മറ്റൊരു കേസില്‍ കാളികാവ് പോലീസിന്റെ പിടിയിലായത്.ഇയാളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.സമാനമായ രീതിയില്‍ മറ്റു സ്ഥാപനങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്