മലപ്പുറത്ത് പനി ബാധിച്ച് നാലര വയസുകാരി മരിച്ചു

Health Local News

മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് നാലര വയസുകാരി മരിച്ചു. മലപ്പുറം രാമപുരം കടുങ്ങപുരം വില്ലേജ് പടിയില്‍ വാരിയത്തൊടി നൗഷാദിന്റെ മകള്‍ നിയാന ഫാത്തിമയാണു മരിച്ചത്. പുഴക്കാട്ടിരി പി ഇ എസ്‌ ഗ്ലോബല്‍ സ്‌കൂള്‍ എല്‍ കെജി വിദ്യാര്‍ത്ഥിയാണ്. മാതാവ് :ചാലൂത്ത് വീട്ടില്‍
ജസീല ( പഴമള്ളൂര്‍) സഹോദരങ്ങള്‍ :നിജില്‍ സ്വാലിഹ് ,നിഷാല്‍

അതേ സമയം മലപ്പുറം ജില്ലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചപ്പനി ബാധിച്ച് അഞ്ചോളംപേരാണ് മരണപ്പെട്ടത്. പനിക്കെതിരെ പൊതുജനങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ പനിയുടെ വ്യാപനം നിയന്ത്രിക്കാനാകൂവെന്ന്
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു.
അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണം. പനി, ജലദോഷം പോലുള്ള അസുഖം ബാധിച്ച കുട്ടികള്‍ സ്‌കൂളുകളില്‍ വരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ പകര്‍ച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിനായി പരിസര ശൂചീകരണം ഉറപ്പാക്കണമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് പരിസര ശൂചീകരണം ഉറപ്പാക്കണം. തദ്ദേശ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ചയ്ക്കകം ശുചീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, പി. നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്, അസി. കളക്ടര്‍ കെ. മീര, എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.