മലപ്പുറം കക്കാട്ടെ വ്യാപാര സ്ഥാപനങ്ങളുള്ള ഇരുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ. മൂന്നുസ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു

Local News

മലപ്പുറം: മലപ്പുറത്തെ കക്കാട്ടെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇരുനിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ. മൂന്നുസ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിരൂരങ്ങാടി സ്വദേശിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മാബ്‌സ ഓട്ടോ പാര്‍ട്‌സ്, ഹാരിസ് എന്ന വ്യക്തി നടത്തുന്ന കളര്‍ ഫാക്ടറി(പെയിന്റ് ഷോപ്പ്), ആബിദ് ചെറുകോട്ടയില്‍ ചേറൂര്‍ വേങ്ങര എന്ന വ്യക്തിയുടെ കാര്‍വിന്‍ എന്ന സ്ഥാപനവും, മുജീബ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഹൈടെക് വീല്‍ ആന്‍ഡ് അലൈന്‍മെന്റ് എന്ന സ്ഥാപനവും തീപിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു.

ഇന്നു പുലര്‍ച്ചെ 5.48നു മലപ്പുറം ഫയര്‍സ്‌റ്റേഷന്‍ നിലയത്തില്‍ വിളിച്ചറിയിച്ച പ്രകാരം രണ്ട് വാഹനങ്ങളിലായി യൂണിറ്റ് സംഭവം സ്ഥലത്തെത്തിയാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ സമയം താനൂരില്‍ നിന്നും എത്തിച്ചേര്‍ന്ന ഒരു യൂണിറ്റ് അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉടന്‍തന്നെ മലപ്പുറവും സംയുക്തമായി ചേര്‍ന്ന് തീ അണക്കുവാനായി ശ്രമം തുടങ്ങി. സംഭവത്തിന്റെ ഗൗരവവും മനസ്സിലാക്കി ഉടന്‍ തന്നെ കോഴിക്കോട് മീന്‍ചന്തയിലും തിരൂരിലും കരുതലോടെ വിളിച്ചറിയിച്ചതിനാല്‍ അല്‍പസമയത്തിനുള്ളില്‍ മീന്‍ ചന്തയില്‍ നിന്ന് രണ്ട് യൂണിറ്റും തിരൂരില്‍ നിന്ന് ഒരു യൂണിറ്റും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതിനാല്‍ കെട്ടിടത്തിലെ തീ മറ്റിടങ്ങളിലേക്കു പടരാതെയും അവശേഷിച്ച വിലപിടിപ്പുള്ള മെഷിനുകളും പരിസരത്തെ വീടുകളിലേക്കും വ്യാപിക്കാതെ നിയന്ത്രിക്കാനായി.

ഏകദേശം 500 മീറ്റര്‍ ദൂരെയായി ജലസ്രോതസ്സ് ഉണ്ടായിരുന്നതിനാല്‍ യഥേഷ്ടം ജലം ലഭിക്കുവാന്‍ ഇടയായതും സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടി. ഏകദേശം രണ്ടരമണിക്കൂര്‍ പ്രവര്‍ത്തനത്തില്‍ സേനാംഗങ്ങള്‍ ഒരേസമയം വെള്ളം പമ്പ് ചെയ്തും ഉചിതമായ രീതിയില്‍ ഫോം അടിച്ചും അകത്തെ സാധനങ്ങള്‍ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയും ആയിരുന്നു തീ പൂര്‍ണമായും കെടുത്തിയത്.

രണ്ട് നിലകളുള്ള കെട്ടിടത്തില്‍ ആയിരുന്നു തീപിടുത്തം ഉണ്ടായത് സംഭവസ്ഥലത്ത് പോലീസ് മേധാവികള്‍ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ നാട്ടുകാര്‍ എല്ലാവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന മൂസ വടക്കേതില്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് സേനാംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. ബില്‍ഡിങ്ങിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ചാര്‍ജ് സംവിധാനത്തില്‍ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്ത സ്ഥലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാപ്രാഥമിക നിഗമനം.

നാല് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ തീപിടുത്തത്തില്‍ നഷ്ടം എത്ര ആയി എന്ന് അന്തിമമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടിട്ടില്ലെങ്കിലും കോടിയോളം രൂപയുടെ നാഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ മുകള്‍ഭാഗം മുഴുവനായും യാതൊരുവിധ സുരക്ഷാ മാനദണ്ഡവും കൂടാതെ വെന്റിലേഷന്‍ ഒഴിവാക്കി അടച്ചു മൂടി ഷീറ്റ് കൊണ്ട് കവര്‍ ചെയ്തിരുന്നതിനാല്‍ തീ അതിവേഗം വ്യാപിക്കുന്ന സാഹചര്യവും നിലനിന്നിരുന്നു