നാടന്‍ തോക്ക് നന്നാക്കുന്നതിനിടെമൂന്ന് പേര്‍ വനപാലകരുടെ പിടിയില്‍

Local News

നിലമ്പൂര്‍:നാടന്‍ തോക്ക് നന്നാക്കുന്നതിനിടെ മൂന്ന് പേര്‍ വനപാലകരുടെ പിടിയില്‍. തോക്കും, നിര്‍മാണ സാമഗ്രികളും പിടികൂടി.അകമ്പാടം സ്വദേശി കുന്നന്‍ചിറക്കല്‍ അബ്ദുല്‍ സലീം(43), ചുങ്കത്തറ എരുമമുണ്ട സ്വദ്ദേശി രാജേഷ് ചോലക്കല്‍ (36), ത്രിശ്ശൂര്‍ ആലപ്പാട് സ്വദ്ദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. അബ്ദുല്‍ സലീമിന്റെ അകമ്പാടം കണ്ണംകുണ്ടിലെ വില്ലാ സ്‌ട്രോളി എന്ന കേന്ദ്രത്തിലാണ് നാടന്‍ തോക്കുകളുടെ അറ്റകുറ്റപണി നടന്നിരുന്നത്. സലീം മൃഗവേട്ട ഉള്‍പ്പടെ നിരവധി വനം കേസുകളില്‍ പ്രതിയാണ്. എന്നാല്‍ ആദ്യമായാണ് ഇയാള്‍ കയ്യോടെ പിടിയിലാവുന്നത്. ഒളിവില്‍ കഴിഞ്ഞ ശേഷം ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം എടുക്കുകയോ, അല്ലെങ്കില്‍ കോടതി നിര്‍ദേശ പ്രകാരം ഉപാധികളോടെ വനം വകുപ്പിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യാറാണ് പതിവ്. രാജേഷാണ് തോക്കുകളുടെ അറ്റകുറ്റപണി നടത്തുന്നത്. സന്ദീപാണ് തോക്ക് അറ്റകുറ്റപണികള്‍ക്കുള്ള സാധനസാമിഗ്രികള്‍ എത്തിച്ച് നല്‍കുന്നത്. ഈ സംഘം നിരവധി പേര്‍ക്ക് ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ അറ്റകുറ്റപണി ചെയ്ത് കൊടുത്തതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ടി.അശ്വിന്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.എ.സി.എഫ് രവീന്ദ്രനാഥന്‍, എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ടി. റഹീസ്, അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി.കെ.മുഹസിന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എന്‍.നിഥിന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി.അനില്‍കുമാര്‍, കെ.ശരത് ബാബു, കെ. മനോജ് കുമാര്‍, എസ്.ഷാജു, പി.എസ്.അമൃതരാജ്, കെ.ടി.അബീന എന്നിവരാണ് പരിശോധ സംഘത്തിലുണ്ടായിരുന്നത്.