മർകസ് വാർഷിക സമ്മേളനം മാർച്ച് 2 ന്

Keralam Local News

കോഴിക്കോട്: മർകസ് സ്ഥാപനങ്ങളുടെ 45-ാം വാർഷിക സമ്മേളനം മാർച്ച് 2(വ്യാഴം) ന് വിപുലമായ പരിപാടികളോടെ നടക്കും. പണ്ഡിത സംഗമം, സനദ്‌ദാനം, നാഷണൽ എമിനൻസ് മീറ്റ്, ശൈഖ് സായിദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാത്രി 7 ന് നടക്കുന്ന സനദ് ദാന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. കാന്തപുരത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട മതധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി അധ്യാപനം. ആഗോള കീർത്തിനേടിയ ഈ അധ്യാപനം ശ്രവിക്കാൻ വിദേശികളടക്കം എല്ലാ വർഷവും മർകസിൽ എത്താറുണ്ട്. സ്വഹീഹുൽ ബുഖാരി അധ്യാപനത്തിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 2022 ൽ പഠനം പൂർത്തിയാക്കിയ 532 സഖാഫി പണ്ഡിതർക്ക് സമ്മേളനത്തിൽ ബിരുദം സമ്മാനിക്കും.

1978 ൽ സ്ഥാപിതമായ മർകസ് വിദ്യാഭ്യാസ-സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന രാജ്യത്തിലെത്തന്നെ ഏറ്റവും വലിയ സംവിധാനങ്ങളിലൊന്നാണ്. ഇതിനകം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും മർകസിന് സാധിച്ചിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കം നിൽക്കുന്ന ജനതയുടെ വിദ്യാഭ്യാസവും ജീവിതനിലവാരവും ഉയർത്തുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളിൽ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതികൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ മർകസ് സ്ഥാപിച്ചു. കൂടാതെ അനാഥകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച അനാഥാലയങ്ങളും, സ്വന്തം വീടുകളിൽ തന്നെ മികച്ച ജീവിത സാഹചര്യമൊരുക്കുന്ന ഹോം കെയർ പദ്ധതിയും മർകസിന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞ മേഖലയാണ്. മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഇതിനകം ഒരു ലക്ഷത്തിലധികം യുവതി, യുവാക്കൾ പഠനം പൂർത്തിയാക്കി സേവന രംഗത്ത് സജീവമാണ്. 10,000 ത്തിലധികം പ്രൊഫഷണലുകൾ, 118 പിഎച്ച്ഡി ഹോൾഡേഴ്സ്, സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, സംരംഭകർ തുടങ്ങി സ്വദേശത്തും വിദേശത്തുമായി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന വലിയ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചുവെന്നതാണ് 45 വർഷത്തെ മർകസിന്റെ നേട്ടങ്ങളിൽ പ്രധാനം.

മാർച്ച് 2 ന് രാവിലെ പത്തിന് ആരംഭിക്കുന്ന പണ്ഡിത സംഗമത്തോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാവും. വിവിധ സംസ്ഥാനങ്ങളിലെ മർകസ് സ്ഥാപന മേധാവികളുടെയും സഹകാരികളുടെയും ‘നാഷണൽ എമിനൻസ് മീറ്റും രാവിലെ 10 ന് നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ശൈഖ് സായിദ് പീസ് കോൺഫറൻസ് ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ എസ് മസ്താൻ, എ എം ആരിഫ് എംപി, രമേശ് ചെന്നിത്തല, പിടിഎ റഹീം എംഎൽഎ, അഡ്വ. ഖ്വാജ മുഈനുദ്ദീൻ ചിശ്തി സംബന്ധിക്കും.

വൈകുന്നേരം അഞ്ചിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ആത്മീയ-സനദ്‌ദാന പൊതുസമ്മേളനം സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. 532 യുവ പണ്ഡിതൻമാർക്ക് ബിരുദം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മതങ്ങൾ കുറാ, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എപി അബ്ദുൽ കരീം ഹാജി, കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇകെ ഹുസൈൻ ഖാദിരി, സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ ബായാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി സംബന്ധിക്കും. സമ്മേളന അനുബന്ധമായി നടക്കുന്ന മീഡിയ കൊളോക്വിയം മാർച്ച് 1 ബുധൻ ഉച്ചക്ക് 2 മണി മുതൽ നടക്കും.

‘എത്തിക്കൽ ഹ്യുമൻ, പീസ്ഫുൾ വേൾഡ്’ എന്ന ശീർഷകത്തിലാണ് ഈ വർഷത്തെ സമ്മേളനം വിഭാവനം ചെയ്തിട്ടുള്ളത്. പ്രമേയത്തിന്റെ വിവിധ തലങ്ങളെ ആസ്‌പദമാക്കി ശൈഖ് സായിദ് പീസ് കോൺഫറൻസിൽ വിഷയമവതരിപ്പിക്കും. ആധുനിക ലോകത്ത് സമാധാനപൂർണമായ ജീവിതം സാധ്യമാക്കാൻ മനുഷ്യന് നൈതിക ജീവിതം അനിവാര്യമാണ്. മൂല്യരഹിതമായ വിദ്യാഭ്യാസ സംവിധാനം ലോകത്തിന്റെ ശാന്തത ഇല്ലാതാക്കും. മനുഷ്യ സമൂഹങ്ങൾ തമ്മിലുള്ള വൈരമാണ് ലോകത്തിന്റെ സമാധാനഭംഗത്തിനു നിമിത്തം. മൂല്യാധിഷ്ഠിത ജ്ഞാനത്തിലൂടെ പ്രബുദ്ധരായ സമൂഹങ്ങൾ പരസ്പരം സ്നേഹത്തിന്റെ പാലം പണിയുന്നവരും, ഭാവിയെക്കൂടി മുന്നിൽകണ്ട് പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നവരുമാകും. നൈതികതയിലൂന്നിയ വിദ്യാഭ്യാസ ജീവകാരുണ്യ സേവനപ്രവർത്തനങ്ങളാണ് കഴിഞ്ഞ 45 വർഷമായി മർകസ് മുന്നോട്ട് വെക്കുന്നത്.

കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാനും മർകസ് വൈസ് പ്രസിഡന്റുമായ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, അസോസിയേറ്റ് ഡയറക്ടർ പി മുഹമ്മദ് യൂസുഫ് ഹൈദർ, സ്വാഗതസംഘം ജനറൽ കൺവീനർ ബിപി സിദ്ദീഖ് ഹാജി കോവൂർ, മർകസ് ഗ്ലോബൽ കൗൺസിൽ&ആർസിഎഫ്ഐ സിഇഒ സി പി ഉബൈദുല്ല സഖാഫി, ജോയിന്റ് ഡയറക്ടർ കെകെ ശമീം, അസിസ്റ്റന്റ് ഡയറക്ടർ ഫോർ മർകസ് ഹയർ എഡ്യൂക്കേഷൻ ഡോ. മുഹമ്മദ് റോഷൻ നൂറാനി സംബന്ധിച്ചു.