മലപ്പുറം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും മരുന്ന് ലഭിച്ചില്ല: ആരോഗ്യ മന്ത്രിക്കും ഡി.എം. ഒയ്ക്കും കളക്ടർക്കും പരാതി നൽകി.

Health Local News

മലപ്പുറം: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പുലർച്ചെ ഒരു മണിക്ക് ചികിത്സ തേടിയെത്തിയ അഞ്ചു വയസ്സുള്ള കുട്ടിക്ക് മരുന്ന് ലഭിച്ചില്ല. രാത്രി എട്ടു മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കുകയില്ലെന്നും സ്വകാര്യ ആശുപത്രിയുടെയോ സഹകരണ ആശുപത്രിയുടെയോ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങണമെന്നാണ് നിർദ്ദേശിച്ചത്. അത്യാഹിത വിഭാഗത്തിൽ നിന്നും ഇരുപത്തിനാല് മണിക്കൂറും മരുന്ന് ലഭിക്കാനുളള സൗകര്യം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആരോഗ്യ മന്ത്രിക്കും ഡി എം ഒ യ്ക്കും കളക്ടർക്കും പരാതി നൽകി.

പരാതിയുടെ പൂർണ്ണരൂപം:

സർ,
വിഷയം:- ഗവ.താലൂക്ക് ആശുപത്രിയിൽ മരുന്ന് ലഭിക്കാത്തത് സംബന്ധിച്ച്

എന്റെ കുഞ്ഞിന് (പ്രിതിലത, 5 വയസ്) രാത്രിയിൽ കലശലായ ചെവിവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതു മൂലം 23.2.2023 പുലർച്ചെ ഏകദേശം ഒരു മണിയോടെ മലപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയി. അത്യാഹിത വിഭാഗത്തിൽ (കാഷ്വാലിറ്റി നമ്പർ 16063) ഡോക്ടറെ കാണിച്ചുവെങ്കിലും ഒരു മരുന്നും ആശുപത്രിയിൽ നിന്നും ലഭിച്ചില്ല. രാവിലെ 8 മണി മുതൽ മാത്രമാണ് ആശുപത്രിയിൽ നിന്നും മരുന്ന് ലഭിക്കുന്നത്, ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ നിന്നുമോ സഹകരണ ആശുപത്രിയിൽ നിന്നുമോ മരുന്ന് വാങ്ങണമെന്നാണ് ഗവൺമെന്റ് ആശുപത്രിയിൽ നിന്നും ലഭിച്ച നിർദ്ദേശം. പിന്നീട് സഹകരണ ആശുപത്രിയിൽ നിന്നും മരുന്ന് വിലകൊടുത്ത് വാങ്ങേണ്ടി വന്നു. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിട്ടും മരുന്ന് ലഭിക്കാത്തത് കൊണ്ട് എന്റെ കുട്ടി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മാത്രമല്ല, പര്യാപ്തമായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണോ എന്നറിയില്ല, കുഞ്ഞിന് ചെവി വേദനയും ശ്വാസ തടസവും രാത്രി മുഴുവൻ തുടർന്നു. ഒടുവിൽ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ചു ചോദിച്ചു ചികിത്സ തേടേണ്ടതായി വന്നു.

രാത്രി എട്ടു മണിക്ക് ശേഷം ഗവൺമെന്റ് ആശുപത്രിയിൽ നിന്നും മരുന്ന് ലഭിക്കുകയില്ല എന്നാണ് പറയുന്നത്.
സാധാരണ ജനങ്ങൾക്ക് ആശ്രയമായ ഗവൺമെന്റ് ആശുപത്രിയിൽ നിന്നും രാത്രിയിൽ മരുന്ന് ലഭിക്കാത്തത് ഗുരുതരമായ പ്രശ്നമാണ്. ഡോക്ടറെ കാണുന്നത് കൊണ്ടു മാത്രം രോഗം ഭേദമാകില്ലല്ലോ.
ഗവൺമെന്റ് ആശുപത്രിയിൽ ഇരുപത്തിനാല് മണിക്കൂറും മരുന്ന് ലഭിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

എന്റെ കുഞ്ഞിന് മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
അലീന എസ്