മോഷ്ടിച്ച മാല വർഷങ്ങൾക്കു ശേഷം തിരിച്ചു നൽകി മാതൃകയായ കള്ളൻ

Local News

കോഴിക്കോട്: ഒരിക്കൽ മോഷ്ടിച്ചു കൊണ്ടുപോയ മാലയ്ക്കു പകരം പുതിയ മാല തിരികെ നൽകി മാതൃകകാട്ടി ഒരു കള്ളൻ. പയ്യോളി തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്തുള്ള വീട്ടിൽ നിന്നും ഒൻപതു വര്ഷങ്ങള്ക്കു മുൻപ് മോഷ്ടിച്ച ഏഴേകാൽ പവന്റെ മാലയാണ് കള്ളൻ തിരികെ നൽകിയത്. മാലയോടൊപ്പം കള്ളന്റെ മാപ്പു പറഞ്ഞുള്ള കത്തുമുണ്ടായിരുന്നു.

ഈ മാസം ഒന്നാം തീയതിയായിരുന്നു രാവിലെ ജനൽപ്പടിയിലൊരു പോതികിടക്കുന്നത് സ്ത്രീ കണ്ടത്. അതുവരെ അവിടെ ഇല്ലാതിരുന്ന പൊതി കണ്ട് പേടി തോന്നിയതിനാൽ വടിയെടുത്ത് പൊതി തുറക്കുകയായിരുന്നു. അപ്പോഴാണ് വർഷങ്ങൾക്കു മുൻപ് കാണാതായ മാലയുടെ അതേ ഡിസൈനിലുള്ള പുതിയ സ്വർണമാല കണ്ടത്. അതിനോടാപ്പം ഉണ്ടായിരുന്ന കുറിപ്പിലാണ് കള്ളൻ പൊറുക്കണമെന്ന് അപേക്ഷിച്ചത്. നിങ്ങളുടെ വീട്ടിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഈ സ്വർണാഭരണം ഞാൻ എടുത്തിരുന്നെന്നും അതിനു പകരമായി ഈ മാല എടുത്തു പൊറുക്കണമെന്നുമായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

അലമാരയിൽ സൂക്ഷിച്ചു വെച്ചിരുന്ന മാല കാണാതായതിനെ തുടർന്ന് വീട്ടുക്കാർ തിരഞ്ഞെങ്കിലും കിട്ടാതായപ്പോൾ കളഞ്ഞു പോയതാവാമെന്നു കരുതുകയായിരുന്നു. അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് അപ്രതീക്ഷിതമായി ഏഴ് പവന്റെ സ്വർണമാല തിരിച്ചു കിട്ടിയപ്പോൾ വീട്ടുകാർ ഏറെ സന്തോഷത്തിലാണ്.