അഴിമതി രഹിത പാര്‍ട്ടിയായി എന്‍.സി.പി എല്‍.ഡി.എഫില്‍ നിലനില്‍ക്കുമെന്ന് എന്‍.എ. മുഹമ്മദ്കുട്ടി.അജിത്പവാര്‍-എന്‍.എ.മുഹമ്മദ്കുട്ടി വിഭാഗത്തിനോടൊപ്പം കൂടുതല്‍ നേതാക്കള്‍ എത്തുന്നു..

Keralam Local News Politics

മലപ്പുറം: അഴിമതി രഹിത പാര്‍ട്ടിയായി എന്‍.സി.പി എല്‍.ഡി.എഫില്‍ നിലനില്‍ക്കുമെന്ന് എന്‍.സി.പി.ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ്കുട്ടി മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ എന്‍.സി.പി. ജില്ലാ വൈസ് പ്രസിഡന്റ് വിളയില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അജിത്പവാര്‍-എന്‍.എ.മുഹമ്മദ്കുട്ടി നേതൃത്വം നല്‍കുന്ന വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വങ്ങളുടെ തെറ്റായ പ്രവര്‍ത്തന ശൈലിയിലും, അഴിമതിയിലും ജനാധിപത്യവിരുദ്ധതയിലും പ്രതിഷേധിച്ചാണു തീരുമാനം. നിലവിലെ ജില്ലാ പ്രസിഡന്റായ കെ.പി. രാമനാഥന്റെ നേതൃത്വത്തില്‍ യുവജന വിഭാഗമായ എന്‍.വൈ.സി, വിദ്യാര്‍ഥി വിഭാഗമായ എന്‍.എസ്.സി തുടങ്ങിയവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും പാര്‍ട്ടിയുടെ നേതാക്കളെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുന്ന രീതി അംഗീകരിക്കാനാവാത്തതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തില്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന കോണ്‍ഗ്രസ്(എസ്)ആണ് പിന്നീട് എന്‍.സി.പി. രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. പാര്‍ട്ടി ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും അഴിമതി വിരുദ്ധമായ നിലപാടില്‍ ഉറച്ചുനിന്നുമാണു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പി.സി ചാക്കോ നേതൃത്വത്തിലേക്ക് വന്നതോടെ എന്‍.സി.പി.പ്രവര്‍ത്തന രീതിയിലും നിലപാടിലും വലിയ മാറ്റം വരികയും അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രതാക്കിയാണു മുന്നോട്ടുപോകുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. എന്നും എന്‍.സി.പിയുടെ രാഷ്ട്രീയ നിലപാടിന്റെ കാവലാളായ അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാട്ടം നയിക്കുന്ന എന്‍.എ.മുഹമ്മദ്കുട്ടി കേരളത്തില്‍ ശക്തമായി നേതൃത്വം നല്‍കുന്ന എന്‍.സി.പി.യില്‍ അടിയുറച്ച് എല്‍.ഡി.എഫിന്റെ ഭാഗമായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ്കുട്ടി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.എ.ജബ്ബാര്‍, കെ.റഹ്മത്തുള്ള, പാര്‍ഥസാരധി മാസ്റ്റര്‍, വിളയില്‍ സുരേന്ദ്രന്‍, അഡ്വ. റഊഫ്, ഫൈസല്‍ കാടാമ്പുഴ, സാജിര്‍ ആലത്തിയൂര്‍, പങ്കെടുത്തു.