പലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് അച്ചടക്കസമിതിയില്‍; സി.പി.എം റാലിക്കില്ല; മരണംവരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹം. ആര്യാടന്‍ പക്ഷ ഡി.സി.സി ഭാരവാഹികളെയും അനില്‍കുമാര്‍ പക്ഷത്തെയും അച്ചടക്കസമിതി കേള്‍ക്കും

Keralam News Politics

തിരുവനന്തപുരം: പലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്.കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുമ്പാകെ വിശദീകരിച്ചു. മലപ്പുറം ജില്ലയില്‍ എ.പി അനില്‍കുമാറും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും ചേര്‍ന്ന് പാര്‍ട്ടി പുനസംഘടനയില്‍ ആര്യാടന്‍ മുഹമ്മദിനൊപ്പം നില്‍ക്കുന്നവരെ കൂട്ടത്തോടെ വെട്ടിനിരത്തിയതടക്കമുള്ള വിശദമായ പരാതിയും കൈമാറി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായതിനാല്‍ സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് പറഞ്ഞ ഷൗക്കത്ത് മരണം വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകതനായി തുടരാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി. പിതാവ് അവസാനനാളില്‍ ആശുപത്രികിടക്കയില്‍വെച്ച് പറഞ്ഞത് മരണപ്പെട്ടാല്‍ കോണ്‍ഗ്രസ് പതാക പുതപ്പിക്കാന്‍ മറക്കരുത് എന്നാണ്. തനിക്കും അതേ ആഗ്രഹമാണുള്ളത്. നിലപാടെടുത്താല്‍ പിന്നോട്ട് പോകരുതെന്നാണ് പിതാവ് പഠിപ്പിച്ചത്. പലസ്തീന്‍ വിഷയത്തില്‍ പിന്നോട്ടുപോകില്ലെന്നും അദ്ദേഹം അച്ചടക്കസമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ആര്യാടന്‍ പക്ഷത്തെ മുതിര്‍ന്ന നേതാക്കളായ മുന്‍ എം.പിയും മുന്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ സി.ഹരിദാസ്, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, വി.സുധാകരന്‍, പി.രാധാകൃഷ്ണന്‍ എന്നിവരെയും ഡി.സി.സി ഭാരവാഹികളായ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറിമാരായ ഉമ്മര്‍കുരിക്കള്‍, അഡ്വ. കെ.എ പത്മകുമാര്‍, പന്ത്രോളി മുഹമ്മദാലി, ടി.പി മുഹമ്മദ്, ഒ.രാജന്‍, സമദ് മങ്കട, ഇഫ്തിഖാറുദ്ദീന്‍, അഡ്വ. എന്‍.എ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി എന്നിവരെയും കേള്‍ക്കണമെന്ന് ഷൗക്കത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പക്ഷത്തെക്കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി കത്തു നല്‍കിയിരുന്നു. ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെയും അനില്‍കുമാര്‍ പക്ഷത്തെ ഡി.സി.സി ഭാരവാഹികളെയും കൂടെ 8ന് കേള്‍ക്കാന്‍ അച്ചടക്കസമിതി തീരുമാനിച്ചിട്ടുണ്ട്.
പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി നടത്തിയാല്‍ നടപടിയെടുക്കുമെന്ന കെ.പി.സി.സിയുടെ താക്കീത് തള്ളിയാണ് ഇക്കഴിഞ്ഞ മൂന്നിന് മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയും ജനസദസും നടത്തിയത്.
കോരിച്ചെരിയുന്ന മഴയത്തും പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലി കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരുന്നു. മലപ്പുറം ജില്ലക്ക് പുറത്തുള്ള എ ഗ്രൂപ്പ് നേതാക്കള്‍ പരിപാടിയില്‍ പ്രസംഗിക്കാനെത്തിയില്ലെങ്കിലും സമസ്ത വൈസ് പ്രസിഡന്റ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടൊപ്പം പലസ്തീനിലെ വിമോചന സമരത്തെയും പിന്തുണച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും കാണിച്ചാണ് ഷൗക്കത്ത് കെ.പി.സി.സിക്ക് വിശദീകരണം നല്‍കിയത്.
1938ല്‍ സുഭാഷ് ചന്ദ്രബോസ് എ.ഐ.സി.സി പ്രസിഡന്റായപ്പോള്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ പലസ്തീനിന്റെ വിമോചന പോരാട്ടത്തെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതടക്കമുള്ള ചരിത്ര വസ്തുകള്‍ ഉയര്‍ത്തികാട്ടിയായിരുന്നു മറുപടി.
മൗലാന അബുല്‍കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ 100ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ആസാദിന്റെ ലോകമെന്ന ചരിത്ര സെമിനാറാണ് ആദ്യമായി ഫൗണ്ടേഷന്‍ മലപ്പുറത്ത് നടത്തിയത്. മലപ്പുറം ഡി.സി.സിയോടൊപ്പം ആര്യാടന്‍ മുഹമ്മദ് അനുസ്മരണവും മികച്ച നിയമസഭാസാമാജികന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്യാടന്‍ പുരസ്‌ക്കാരം നല്‍കലുമായിരുന്നു രണ്ടാമത്തെ പരിപാടി. സെമിനാറില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും എം.പിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അവാര്‍ഡ് ദാനത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുമാണ് പങ്കെടുത്തത്. ഈ രണ്ടു പരിപാടികളും വിഭാഗീയ പ്രവര്‍ത്തനമല്ല.
മതനേതാക്കളെ അടക്കം ക്ഷണിച്ച ശേഷം പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി മാറ്റിവെച്ചാല്‍ കോണ്‍ഗ്രസിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും അതുകൊണ്ടാണ് റാലി നടത്തേണ്ടി വന്നതെന്നുമായിരുന്നു ഷൗക്കത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കിയത്. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കെ.പി.സി.സി നേതൃത്വം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ അച്ചടക്ക സമിതിക്ക് കൈമാറിയത്. അച്ചടക്ക സമിതിയിലും കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണത്തിനൊപ്പം മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദിനൊപ്പം നിന്നവരെ വെട്ടിനിരത്തുന്നതിന്റെ വിശദാംശങ്ങളും കൈമാറി. 2016ല്‍ നിലമ്പൂരില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ തനിക്കെതിരെ പരസ്യപ്രകടനം നടത്തിയതും 2021ല്‍ സീറ്റ് നിഷേധിച്ചപ്പോള്‍ പകരം നല്‍കിയ മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ 21 ദിവസത്തിനകം മാറ്റിയതും ചൂണ്ടികാട്ടിയിട്ടുണ്ട്. ഒരു തരത്തിലുള്ള പരസ്യപ്രതികരണവും നടത്താതെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായാണ് തുടര്‍ന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
1992ല്‍ കോണ്‍ഗ്രസില്‍ അവസാന സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ മലപ്പുറത്ത് 90 ശതമാനത്തിലധികം ഭാരവാഹിത്വവും ആര്യാടന്‍ പക്ഷത്തിനായിരുന്നു. ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ഒറ്റക്കെട്ടായി നിര്‍ദ്ദേശിച്ചിട്ടും മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ വെട്ടി മുന്‍ എ ഗ്രൂപ്പ്കാരനായ വി.എസ് ജോയിക്ക് നല്‍കിയതോടെയാണ് മലപ്പുറത്തെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നത്. ആര്യാടന്റെ മരണത്തോടെ എ.പി അനില്‍കുമാര്‍ എം.എല്‍.എ വി.എസ് ജോയിക്കൊപ്പം ചേര്‍ന്ന് ആര്യാടന്‍ പക്ഷത്തെ പൂര്‍ണമായും വെട്ടിനിരത്തിയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പ്രഖ്യാപനം നടത്തിയത്. ജില്ലാതല സമവായകമ്മിറ്റി ഐക്യകണ്‌ഠേന നിര്‍ദ്ദേശിച്ച 14 മണ്ഡലം പ്രസിഡന്റുമാരെയും തര്‍ക്കത്തിലുണ്ടായിരുന്ന 9 ഇടങ്ങളിലും ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതോടെയാണ് മലപ്പുറത്ത് എ ഗ്രൂപ്പ് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങിയത്. എ ഗ്രൂപ്പിന്റെ പരാതിയില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ മണ്ഡലം പ്രസിഡന്റുമാര്‍ ചുമതലയേല്‍ക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ച് തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റുമാര്‍ ചുമതലയേറ്റെടുത്തതോടെയാണ് എ ഗ്രൂപ്പ് ശക്തിതെളിയിക്കാന്‍ പസ്തീന്‍ ഐക്യദാര്‍ഡ്യ റാലി പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തിനകം ഡി.സി.സി നേതൃത്വം ഭാരവാഹികളുടെ യോഗം പോലും വിളിക്കാതെ പലസ്തീന്‍ ഐക്യദാര്‍ഡ്യ സദസ് നടത്തി. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്തും എ ഗ്രൂപ്പ് നേതാക്കളും പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി വിഭാഗീയ പ്രവര്‍ത്തനമാണെന്നു കാണിച്ച് ഡി.സി.സി പ്രസിഡന്റ് കെ.പി.സി.സിക്ക് പരാതി നല്‍കിയത്.