വ്യാജ ഭൂമി തട്ടിപ്പ് ആരോപണം, പിന്നില്‍മന്ത്രി അഹ്മദ് ദേവര്‍ കോവില്‍. ഐ എന്‍ എല്‍

Keralam Local News

മലപ്പുറം: വ്യാജ ഭൂമി തട്ടിപ്പ് ആരോപണം, പിന്നില്‍ മന്ത്രി അഹ്മദ് ദേവര്‍ കോവില്‍. ഐ എന്‍ എല്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിമാരില്‍ ഒരാളും കേരള വ്യാപാര സമിതി ജില്ലാ കമ്മറ്റി അംഗവും, മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, മഞ്ചേരിയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പൊതു പ്രവര്‍ത്തകനുമായ ഖാലിദ് മഞ്ചേരി ക്കെതിരെ വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിപ്പ് നടത്തി പണം കൈപ്പറ്റി എന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ ആരോപണം നടത്തുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുത്തത് തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍ കോവിലാണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഐ എന്‍ എല്‍. ദേവര്‍ കോവില്‍ വിഭാഗം പ്രവര്‍ത്തകരായ മഞ്ചേരി സ്വദേശികളായ യാസര്‍ പട്ടര്‍കുളം, നാസര്‍ വല്ലാഞ്ചിറ, അന്‍വര്‍ എന്ന ബാപ്പു, എന്നിവര്‍ക്കെതിരെ ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരം ക്രമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വ്യജ രേഖ ചകക്കാന്‍ കൂട്ടുനിന്ന ഭൂഉടമ ആനക്കയം പെരിമ്പലം സ്വദേശി ഹൈദ്രസ് മാസ്റ്റര്‍ കെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ മന്ത്രി അഹ്മദ് ദേവര്‍ കോവിലിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന പ്രതികളുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ പങ്ക് അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ പകപോക്കലിന് വേണ്ടി മന്ത്രി സ്ഥാനവും സര്‍ക്കാര്‍ പണവുമാണ് ദുരുപയോപ്പെടുത്തുന്നത്.ഇത് ഇടതുപക്ഷ സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നതാണ്. ദേവര്‍ കോവില്‍ മന്ത്രിയായതിന് ശേഷം ഇതിന് മുമ്പും പാര്‍ട്ടി പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കാന്‍ മന്ത്രിയും മന്ത്രിയുടെ ഓഫീസും ശ്രമിച്ചിട്ടുണ്ട്. എല്‍ ഡി എഫ്. ഗവണ്‍മെന്റിനെ പ്രതിരോധത്തിലാക്കേണ്ടെന്ന് കരുതിയാണ് മന്ത്രിക്കെതിരെ ഇത്രയും കാലം പരസ്യ പ്രതികരണം നടത്താതിരുന്നതെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും എല്‍ ഡി എഫ് നേതാക്കളെയും നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്നും ഐ എന്‍ എല്‍ നേതാക്കള്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാര്‍ ഹാജി, ജനറല്‍ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സന്‍, ട്രഷറര്‍ മുഹമ്മദലി മാസ്റ്റര്‍, സെക്രട്ടറി ഖാലിദ് മഞ്ചേരി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.