കൈക്കൂലി കേസിൽ ഡിവൈഎസ്പി സുരേഷിന് സസ്‌പെൻഷൻ

Crime Keralam News

തിരുവനന്തപുരം: കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ മുന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വെെ സുരേഷിന് സസ്‌പെൻഷൻ. പരാതിയിൽ വിജിലൻസ് സമർച്ച അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സുരേഷിനെ അന്വേഷണ വിധേയമായി ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തത്.

ആറ്റിങ്ങലിൽ ഡിവൈഎസ്പി ആയിരുന്ന സമയത്ത് റിസോർട്ടിൽ റെയ്ഡ് നടത്തുകയും കേസ് രജിസ്റ്റർ ചെയ്ത ആളുകളിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കീഴിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രഹസ്യമായി സുരേഷിനെതിരെ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ സുരേഷിനെതിരായ വിമർശനങ്ങൾ പലതും സത്യമാണെന്ന് കണ്ടെത്തി.

ഡിവൈഎസ്പിയുടെ അധികാരമുള്ള സ്ഥലങ്ങളിലെ റിസോർട്ടുകളിൽ മറ്റു ഉദ്യോഗസ്ഥരെ കൂട്ടാതെ ഒറ്റയ്ക്ക് പോയി റെയ്ഡ് നടത്തിയെന്നും ഇടനിലക്കാരുമായി ബന്ധപ്പെട്ടെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും സുരേഷിനെ സസ്‌പെന്റ് ചെയ്തുള്ള ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം സംസ്ഥാന പൊലീസ് മേധാവിക്ക് ശുപാർശ നല്കാൻ പറഞ്ഞിട്ടുണ്ട്.