വീല്‍ ചെയറില്‍ ഇരുന്ന് ഐ.എ.എസ്.നേടി ഷെറിന്‍ ഷഹാന. കഴിഞ്ഞ അഞ്ച് വര്‍ഷമായി 25കാരിയുടെ ജീവിതം വീല്‍ചെയറില്‍.ജീവിതം മാറ്റിമറിച്ച അപകടത്തിനുശേഷം കേവലം ആറു ദിവസത്തെ ആയുസ്സെന്ന വിധിയെഴുതിയവര്‍ക്കു അഭിമാനമായി ഈ പെണ്‍കുട്ടി

Keralam Life Style News

മലപ്പുറം: വീല്‍ ചെയറില്‍ ഇരുന്ന് ഐ.എ.എസ്.നേടി ഷെറിന്‍ ഷഹാന. ജീവിതം മാറ്റിമറിച്ച അപകടത്തിനു ശേഷം കേവലം ആറു ദിവസത്തെ ആയുസ്സാണ് ഷെറിന്‍ ഷഹാന എന്ന പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പക്ഷേ അവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ആ പെണ്‍കുട്ടി പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്കു തിരിച്ചു വന്നു. പഠനരംഗത്ത് നിരവധി വിജയങ്ങള്‍ രചിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമായി. ജീവിതം ചക്രകസേരയിലേക്ക് ഒതുങ്ങിയപ്പോഴും ഷെറിന്‍ ഷഹാനയുടെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുമ്പോഴും നിരാശയുടെ നിഴല്‍പോലുമുണ്ടായില്ല. പ്രതിസന്ധികളെ മനോബലത്തോടെ നേരിട്ട് സിവില്‍ സര്‍വീസിന്റെ നെറുകയിലെത്തി.
ആശുപത്രി കിടക്കയിലാണ് ചൊവ്വാഴ്ച സിവില്‍ സര്‍വീസ് വിജയത്തിന്റെ മധുരവും നുണഞ്ഞത്. വാഹനാപകടത്തില്‍ പരിക്കേറ്റ് മലപ്പുറം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 913-ാം റാങ്കോടെയാണ് വയനാട് കമ്പളക്കാട് തേനൂട്ടികല്ലിങ്ങള്‍ ഷെറിന്‍ ഷഹാന സിവില്‍ സര്‍വീസ് വിജയം കൊയ്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഇരുപത്തിയഞ്ചുകാരിയുടെ ജീവിതം വീല്‍ചെയറിലാണ്. 2017-ല്‍ വീടിന്റെ ടെറസില്‍നിന്ന് കാല്‍വഴുതി വീണ് അരയ്ക്കുതാഴെ തളര്‍ന്നു. പിന്നീട് യാതനകളോടുള്ള പോരാട്ടമായിരുന്നു. പിതാവ് ഉസ്മാന്‍ ഇതിന് രണ്ടുവര്‍ഷം മുമ്പേ മരണപ്പെട്ടിരുന്നു. രോഗിയായ ഉമ്മ ആമിനയും രണ്ട് സഹോദരിമാരുമായിരുന്നു തുണ. ജീവിതം ഇരുളടഞ്ഞ് പോകുമെന്ന് കരുതിയെടുത്തുനിന്നെല്ലാം പൊരുതി മുന്നേറി. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദമുണ്ടായിരുന്ന ഷഹാന പിന്നീട് നെറ്റ് യോഗ്യതയും നേടി. കാലിടറിയിട്ടും കൈവിടാതെപിടിച്ച സ്വപ്നങ്ങള്‍ക്ക് പിന്നാലെയായിരുന്നു സഞ്ചാരം.കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സി കെ ശശീന്ദ്രന്‍ എം എല്‍ എ മുന്‍കൈയെടുത്ത് സാമൂഹ്യ സുരക്ഷാ മിഷനിലൂടെ ആധുനിക വീല്‍ചെയര്‍ നല്‍കിയത് സഹായകമായി. പിന്നീട് സിവില്‍ സര്‍വീസിനുള്ള പരിശ്രമമായി.

അബ്‌സല്യൂട്ട് അക്കാദമിയില്‍ ജോബിന്‍.എസ് കൊട്ടാരത്തിന് കീഴിലായിരുന്നു പരിശീലനം. ചിട്ടയായി പഠിച്ച് പരീക്ഷയെഴുതി ഫലം കാത്തിരിക്കുമ്പോഴായിരുന്നു അപകടം. ശസ്ത്രക്രിയ കഴിഞ്ഞു. ആശുപത്രി വിടാന്‍ ദിവസങ്ങളെടുക്കും. ഒരുമാസം മുമ്പ് ഷഹാന കലിക്കറ്റ് സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പി എച്ച് ഡി പഠനവും തുടങ്ങി. ഷഹാനയുടെ നേട്ടം
പെരിന്തല്‍മണ്ണ സിവില്‍ സര്‍വീസ് അക്കാദമിയുടേതുംകൂടിയാണ്. പെരിന്തല്‍മണ്ണ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നും ഇന്റര്‍വ്യൂ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥിയാണ് ഷെറിന്‍.പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കല്‍ സയന്‍സില്‍ നെറ്റും ജെ ആര്‍ എഫും ഒക്കെ നേടിയ ഷെറിന്‍ അബ്സല്യൂട്ടിലെ ഡിഗ്രി വിദ്യാര്‍ഥികളെ ഒഴിവു സമയങ്ങളില്‍ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു. ഇംഗ്ലീഷില്‍ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണല്‍ ക്ലാസ്സില്‍ ചേര്‍ന്ന് മുഴുവന്‍ പരീക്ഷയും മലയാളത്തില്‍ എഴുതി മലയാളത്തില്‍ തന്നെ ഇന്റര്‍വ്യൂ നേരിട്ട് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയ ഷെറിന്‍ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണെന്നും പരിശീലനം നല്‍കിയ അബ്‌സല്യൂട്ട് അക്കാദമി ഡയറക്ടര്‍കൂടിയായ ജോബിന്‍.എസ് കൊട്ടാരം പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളും നേതൃ രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്സല്യൂട്ട് ഐ എ എസ് അക്കാദമി ‘ചിത്രശലഭം’ എന്ന പദ്ധതി ആരംഭിച്ചത്. ആദ്യ ബാച്ചിലെ 25 പേരില്‍ ഒരാളായാണ് ഷെറിന്‍ വന്നത്. ഇന്ന് ഷെറിന്‍ സിവില്‍ സര്‍വീസ് റാങ്ക് പട്ടികയിലിടം പിടിച്ചപ്പോള്‍ അത് ഈ വര്‍ഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണെന്നും ജോബിന്‍.എസ് കൊട്ടാരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ കാജല്‍ രാജുവും ഷെറിന്‍ ഷഹാനയും ഉള്‍പ്പെടുന്ന
ഉദ്യോഗാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസസ് അക്കാഡമി സംഘടിപ്പിച്ച പേഴ്‌സണാലിറ്റി ടെസ്റ്റില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കാഷ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, നാഷണല്‍ അക്കാഡമി ഫോര്‍ ഇന്ത്യന്‍ റെയില്‍വെസ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ മേനോന്‍ ഐആര്‍പിഎസ്, വിഘ്‌നേശ്വരി ഐഎഎസ്, കെ.എസ് അഞ്ജു ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാഡമിക്കിതു ഇതു അഭിമാന മുഹൂര്‍ത്തമാണെന്നും നിലവിലെ റിസള്‍ട്ട് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരുന്നതായും നജീബ് കാന്തപുരം എം എല്‍ എ പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയില്‍ ചികിത്സയിലുള്ള ഷെറിന്‍ ഷഹാനയെ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം ഡോക്ടര്‍ ഖലീല്‍, അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് അലി എന്നിവര്‍ അനുമോദിച്ചു.