താനൂര്‍ ബോട്ടപകടത്തില്‍ 22പേര്‍ മരിച്ചതിന്റെ നെടുക്കം മാറും മുമ്പെ പൊന്നാനിയില്‍ നിയമം ലംഘിച്ച് മത്സ്യ ബന്ധന യാത്ര

Keralam Local News

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ 22പേര്‍ മരിച്ചതിന്റെ നെടുക്കം മാറും മുമ്പെ പൊന്നാനിയില്‍ നിയമം ലംഘിച്ച് മത്സ്യ ബന്ധന വള്ളത്തില്‍ കൈകുഞ്ഞുള്‍പ്പെടെയുള്ളവരുടെ ഉല്ലാസ യാത്ര. ചെറുവഞ്ചിയിലാണ് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്.
തിരൂര്‍ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പസ്‌ക്കി എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ കാരിയര്‍ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പടിഞ്ഞാറെക്കരയില്‍ നിന്നും ഭാരതപ്പുഴയും, അറബിക്കടലും സംഗമിക്കുന്ന അഴിമുഖം വഴി ഭാരതപ്പുഴയിലെ കര്‍മ്മ റോഡിനരികിലേക്കാണ് സംഘം യാത്ര ചെയ്തത്. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടുകളുടെ സര്‍വ്വീസ് നിര്‍ത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയില്‍ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയത്.സംഭവം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വഞ്ചിയെ പിന്തുടര്‍ന്നെങ്കിലും ഇവര്‍ വേഗത്തില്‍ തിരികെ മടങ്ങിയതിനാല്‍ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും, തൊഴിലാളികളേയും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരസ്യമായ നിയമ ലംഘനം നടത്തിയ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരികരിക്കുമെന്ന് ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സുനീര്‍ പറഞ്ഞു