ക്ഷേത്ര ഭണ്ഡാരം കൊള്ളയടിച്ച സംഭവം : പ്രതിയെ അറസ്റ്റ് ചെയ്തു

Crime Local News

മഞ്ചേരി : മഞ്ചേരി എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ മഞ്ചേരി എസ് ഐ ആര്‍ പി സുജിത്ത് അറസ്റ്റ് ചെയ്തു. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പെരുവന്‍കുഴിയില്‍ അന്‍ഷാദ് (25) ആണ് ഇന്നലെ രാവിലെ 10.40ന് മഞ്ചേരി ടൗണില്‍ വെച്ച് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് സംഭവം. എട്ടിയോട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം പിഴുതെടുത്ത് ഇരുപതിനായിരം രൂപയോളം കവര്‍ന്നുവെന്നാണ് കേസ്. ക്ഷേത്രത്തിലെ അടിച്ചുതളിക്കാരിയാണ് മോഷണ വിവരം ആദ്യമറിയുന്നത്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം എ അഷ്റഫ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

റിപ്പോര്‍ട്ട്: ബഷീര്‍ മഞ്ചേരി