കാലവർഷം കനിഞ്ഞു:ഇത്തവണ പുഞ്ചകർഷകർക്ക് നൂറു മേനി.

Keralam News

ചങ്ങരംകുളം: ഈ വർഷം കാലാവസ്ഥ അനുകൂലമായതോടെ പുഞ്ചകർഷകർക്ക് നൂറു മേനി വിളവ്.
പൊന്നാനി കോൾ മേഖലയിൽ പുഞ്ച കൊയ്താണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. 52 കോൾ പടവുകളിലായി പതിനായിരത്തോളം ഏക്കറിലാണ് കർഷകർ ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കൊയ്ത്ത് കഴിഞ്ഞു. മുല്ല മാട്, നടുപൊട്ട കോൾ പടവുകളിലാണ് ഇനി ബാക്കിയുള്ളത് , അടുത്ത ദിവസത്തോടെ ഇതും പൂർത്തിയാകും. ഇതോടെ പൊന്നാനി കോൾ മേഖലയിലെ പുഞ്ച കൊയ്ത്തിന് പരിസമാപ്തിയാകും.മഴ മൂലം ഉണ്ടാവാറുള്ള സ്ഥിരം കൃഷിനാശവും , വരൾച്ചയും , ബണ്ട് തകർച്ചയും ഇത്തവണ ഉണ്ടായില്ല എന്ന പ്രത്യേകതയും ഉണ്ട്. .തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കൊയ്ത് മെതി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൊയ്ത് ആരംഭിച്ചത്. മണിക്കൂറിന് 1900 മുതൽ 2100 രൂപയാണ് യന്ത്രത്തിന് വാടക .പതിവിലും നേരത്തെ കൃഷി തുടങ്ങിയതും കർഷകർക്ക് വരൾച്ചയെ ബാധിക്കാതെ കൊയ്ത്ത് നടത്തുന്നതിന് സഹായമായെന്ന് കർഷകർ പറയുന്നു. ജോതി, ഉമ വിത്തുകളാണ് ഇത്തവണ കൂടുതലും ഉപയോഗിച്ചത്. കിലോക്ക് 28.32 രൂപയ്ക്കാണ് ഇത്തവണ സപ്ലെകോ നെല്ല് സംഭരിക്കുന്നത് .ഇതിൽ 12 പൈസ നെല്ലിന്റെ കയറ്റു കൂലി സബ്സിഡിയിലാണ്.വയലോരത്ത് തന്നെ ഉണക്കിയെടുക്കുന്ന നെല്ല് ചാക്കിൽ കെട്ടി നേരിട്ട് സപ്ലൈക്കോക് കൈമാറുകയാണ് കർഷകർ ചെയ്യുന്നത്. .കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ഇത്തവണ നല്ല വിളവ് ലഭ്യമായ ആശ്വാസത്തിലാണ് കർഷകർ. എന്നാൽ വൈക്കോലിന് വില യില്ലാത്തത് കർഷകരെ അൽപം മങ്ങലേൽപിച്ചു. കെട്ടിന് 70 രൂപയാണ് വില. തമിഴ് നാട്ടിൽ നിന്ന് വൈക്കോൽ എത്തിയതാണ് മേഖലയിൽ വില കുറയാൻ കാരണം. കഴിഞ്ഞ വർഷം മഴയിൽ നശിച്ച് പല കർഷകർക്കും വൈക്കോൽ നഷ്ടപെട്ടിരുന്നു. ഇത്തവണ കുറഞ്ഞ വിലയാണങ്കിലും ലഭിക്കുമെന്ന ആശ്വാസത്തിലാണ് കർഷകർ. സംഭരിച്ച നെല്ലിന്റെ തുക സപ്ലൈകോ വൈകാതെ വിതരണം ചെയ്താൽ കർഷകർക്ക് ഇരട്ടി മധുരമാകും.