വിദ്യാതരംഗിണിയുടെ വായ്‌പ്പാ തുക 10 ലക്ഷമാക്കി ഉയർത്തി കേരള സർക്കാർ

Education Keralam News

മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിനു മൊബൈല്‍ ഫോണില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കാനായുള്ള കേരള സര്‍ക്കാര്‍ പദ്ധതി വിദ്യാതരംഗിണിയുടെ വായ്‌പ്പാ തുക വർധിപ്പിച്ചു. സഹകരണ വകുപ്പാരംഭിച്ച വിദ്യാതരംഗിണി വായ്പയുടെ പരിധി അഞ്ചു ലക്ഷത്തിൽ നിന്ന് പത്തു ലക്ഷത്തിലേക്ക് വര്ധിപ്പിച്ചാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികളുടെ സുഗമമായ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ സഹായം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി പ്രകാരം, കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 10,000 രൂപ വരെ വായ്പ്പ ലഭിക്കും. സഹകരണ സംഘങ്ങളിലെ എ, ബി ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമായിരുന്ന ഈ വായ്പ്പ പദ്ധതി പുതിയ ഉത്തരവ് പ്രകാരം സി ക്ലാസ് അംഗങ്ങള്‍ക്കും അനുവദിക്കും. യാതൊരു വിധ പലിശയും ജ്യാമവുമില്ലാതെയാണ് ഈ പത്തു ലക്ഷം രൂപ നൽകുന്നത്.

എന്നാൽ പുതിയ ഉത്തരവ് കുഴപ്പിച്ചിരിക്കുന്നത് ബാങ്കുകളെയും അധ്യാപകരെയും സഹകരണ സംഘങ്ങളെയുമാണ്. എല്ലാ ക്ലാസ് അംഗങ്ങൾക്കും വായ്പ്പ നൽകാനുള്ള സാഹചര്യത്തിൽ അർഹരായവരെ കണ്ടെത്താനുള്ള കൃത്യമായ മാനദണ്ഡമില്ലാത്തത് ബാങ്കുകാർക്ക് വെല്ലുവിളിയാണ്. ഈ വലിയ തുകയുടെ പിന്നിൽ ദുരുപയോഗത്തെ ഭയന്ന് അര്‍ഹരായ കുട്ടികളെ കണ്ടെത്തേണ്ട ചുമതലയുള്ള വിദ്യാലയങ്ങളും സഹകരണ സംഘങ്ങളും കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അതിലേറെ കഷ്ടപ്പെടുന്നുണ്ട്.