നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് നാളെ തുടക്കം

Entertainment Keralam News

നിലമ്പൂർ : പതിനേഴാമത് നിലമ്പൂര്‍പാട്ടുത്സവ് ടൂറിസംഫെസ്റ്റിവലിന് നാളെ (5-1-23) നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തോടെ തിരിതെളിയും. നിലമ്പൂര്‍ കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കളംപാട്ട് ഉത്സവത്തിന് കാടിറങ്ങിയെത്തുന്ന ആദിവാസി ഗോത്ര സമൂഹത്തിനും മത ജാതി ഭേദമില്ലാതെ  നാട്ടുകാര്‍ക്കും കുടുംബത്തോടൊപ്പം കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത്പ്രസിഡന്റായിരിക്കെ 2006ലാണ് ഗ്രാമപഞ്ചായത്തും വ്യാപാരിസമൂഹവും ടാക്‌സിതൊഴിലാളികളും ചേര്‍ന്ന് നിലമ്പൂര്‍പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് തുടക്കമിട്ടത്.
ഇന്ത്യയില്‍ ആദ്യത്തെ സമ്പൂര്‍ണ നാലാംക്ലാസ് വിദ്യാഭ്യാസം നേടിയ ഗ്രാമമായി നിലമ്പൂരിനെ പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ ആരംഭിച്ചത്.  
16 വര്‍ഷങ്ങളിലായി 2000ത്തോളം കലാകാരന്‍മാര്‍ നിലമ്പൂരിലെത്തി. സാംസ്ക്കാരിക സമ്മേളനങ്ങളില്‍ കേരളത്തിലെ 200ഓളം പ്രശസ്ത പ്രതിഭകളുടെ പ്രഭാഷണങ്ങളും ലക്ഷക്കണക്കിന് സഹൃദയ മനസുകളിലേക്കെത്തിക്കാന്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് സാധിച്ചു. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌ക്കാരിക ഉത്സവങ്ങളില്‍ ഒന്നായി നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ മാറി.
നിലമ്പൂര്‍ കോവിലകം റോഡില്‍ ജനുവരി 5, 6 തിയ്യതികളില്‍ വൈകുന്നേരം ആറരക്ക് നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തോടെയാണ് തുടക്കം, 5ന് കോഴിക്കോട് രംഗഭാഷയുടെ നാടകം ‘ മൂക്കുത്തി’ അരങ്ങേറും. തണല്‍ നിലമ്പൂരിന്റെ നാടന്‍പാട്ടുകളും അവതരിപ്പിക്കും. 6ന് തിരുവനന്തപുരം സൗപര്‍ണികയുടെ ‘ഇതിഹാസം’. ചുങ്കത്തറ ധ്വനി നാടന്‍കലാ സംഘത്തിന്റെ കലാപരിപാടികളും അരങ്ങേറും
8,9,10 തിയ്യതികളില്‍ കോടതിപ്പടിയിലെ പാട്ടുത്സവ് നഗരിയില്‍ മെഗാ സ്റ്റേജ് ഷോകള്‍ നടക്കും. എട്ടിന് ആല്‍മരം മ്യൂസിക് ബാന്റ്, 9തിന് കൊല്ലം ഷാഫി, രഹ്ന ടീമിന്റെ ഇശല്‍ രാവ്, 10ന് ഗൗരിലക്ഷ്മി ലൈവ്. ഓരോ ദിവസവും സാംസ്‌ക്കാരിക സമ്മേളനത്തിനു ശേഷമാണ് കലാപരിപാടികള്‍ ആരംഭിക്കുക. സാംസ്‌ക്കാരികസമ്മേളനങ്ങളില്‍ ഗോഗുലംഗോപാലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, നടൻ മാമുക്കോയ ,നടന്‍ ഇര്‍ഷാദ്, സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ്  ശിവ, നടന്‍ നന്ദു, നടൻ മേഘനാദൻ ,നടി അനു സിതാര എന്നിവര്‍പങ്കെടുക്കും.ടാക്‌സി തൊഴിലാളികളുടെ കാര്‍ണിവല്‍ ജനുവരി 8 മുതല്‍ കോടതിപ്പടിയിലെ പാട്ടങ്ങാടിയില്‍ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍

ആര്യാടന്‍ ഷൗക്കത്ത് (ചെയര്‍മാന്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ കമ്മിറ്റി)
യു. നരേന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍).
പി.വി സനില്‍കുമാര്‍ (വൈസ് ചെയർമാന് )
അനില്‍ റോസ് (കണ്‍വീനര്‍)
മുഹമ്മദ് ഇഖ്ബാല്‍ (കണ്‍വീനര്‍)
ഷാജി തോമസ് (കൺവീനർ )