ഇരയെ പ്രതി വിവാഹം ചെയ്താലും പോക്സോ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

Crime Keralam News

കൊച്ചി : ഇരയായ വ്യക്തിയെ പ്രതി വിവാഹം കഴിച്ചാലും പോക്സോ കേസിലെ വിചാരണയിൽ നിന്നും ഒഴിവാകില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. സ്ത്രീകള്‍ക്കെതിരെയുള്ള ഏറ്റവും ക്രൂരവും മോശവുമായ കുറ്റകൃത്യമാണ് ലൈംഗിക പീഡനമെന്നും, അത് കുട്ടികൾക്കെതിരെയാണെങ്കിൽ ഗൗരവവും വ്യാപ്തിയും അധികമാവുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി. ഷേര്‍സിയാണ് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും കൂട്ടുപ്രതിയും കേസ് റദ്ദ് ചെയ്യാൻ വേണ്ടി നൽകിയ ഹർജി പരികാണിക്കവെ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2020 ഡിസംബര്‍ 8ന് ബലാത്സംഗ കേസിലെ പെൺകുട്ടി പ്രായപൂർത്തിയായപ്പോൾ പ്രതി സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിച്ചിരുന്നു. അതിനാൽ തന്നെ ഇപ്പോൾ തങ്ങൾ ഒരുമിച്ച് കഴിയുകയാണെന്നും അതിനാൽ ക്രിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഹർജി നൽകിയിരുന്നത്. പക്ഷെ സുപ്രീം കോടതി ഈ രീതിയിലുള്ള കേസുകളിൽ എടുത്ത നിലപാടുകൾ പരിഗണിച്ച് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. സമൂഹത്തോടുള്ള കുറ്റകൃത്യമാണ് ബലാത്സംഗമെന്നും, ഇത്തരം കേസുകളിലെ ഇരയെ കല്യാണം കഴിച്ചാലും ഒത്തുതീർപ്പായാലും വിചാരണയില്‍ നിന്നും ഒഴിവാകില്ലെന്നും കോടതി വിധിക്കിടെ പറഞ്ഞു.