എന്നെ സല്യൂട്ട് ചെയ്യുകയോ സർ എന്ന് വിളിക്കുകയോ വേണ്ട – പ്രതാപൻ എംപി

Keralam News

സുരേഷ് ഗോപി ചോദിച്ചു വാങ്ങിയ ശേഷം വിവാദമായ സല്യൂട്ട് വിഷയത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍ എം പി. ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതും സാര്‍ എന്ന് അഭിസംബോധന ചെയ്യുന്നതും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അദ്ദേഹം കത്ത് നല്‍കി.

തന്നെ ഒരാളും സല്യൂട്ട് ചെയ്യരുതെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും മറ്റു ഉദ്യോഗസ്ഥരും എന്നെ ”സാര്‍” എന്ന് ഇനി മുതൽ വിളിക്കരുത്. പകരം എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ വോട്ടിലൂടെ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപിമാരും എംഎൽഎ മാരും. കേരള പൊലീസ് പുറത്തിറക്കിയ മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം പി. മാർ ഇല്ല. പക്ഷേ, എംപിമാരെ പൊലീസ് സല്യൂട്ട് നല്‍കി ആദരിക്കുന്ന പ്രവണത കാണുന്നുണ്ട്. അത് അവർ ബഹുമാന സൂചകമായി ചെയ്യുന്നതാകാം എന്നും അർഹിക്കാത്ത ഈ കാര്യം അവകാശമായി കാണുന്നത് ഖേദകരം ആണെന്നും അദ്ദേഹം പറഞ്ഞു.

താൻ മുമ്പും ഈ വിഷയം പരസ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പൊൾ ചിലരുടെ പ്രവർത്തികൾ മൂലം സല്യൂട്ടും സർ വിളിയും വിവാദമായത് കൊണ്ടാണ് കത്തിലൂടെ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.