പാലാ ബിഷപ്പിന് പൂർണ പിന്തുണ; എംപിയെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്ന് സുരേഷ് ഗോപി എംപി

Keralam News Politics Religion

കോട്ടയം: പാലാ ബിഷപ്പ് യാതൊരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനുമായി നടത്തിയ ചർച്ചയിൽ സാമുഹ്യ വിഷയങ്ങളാണ് സംസാരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. നാർക്കോട്ടിക്- ലവ് ജിഹാദ് വിഷയത്തിൽ വിവാദ പരാമർശം നടത്തിയ പല ബിഷപ്പിനെ നേരിട്ട് പോയി കണ്ട് പിന്തുണ പ്രഖ്യാപിച്ചതായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരെ ഒരാൾ സംസാരിക്കുമ്പോഴേക്കും അത് ഒരു വിഭാഗത്തിനെതിരെയാണെന്ന് ഏതെങ്കിലും ഒരാൾ തെറ്റിദ്ധരിച്ചാൽ ഒന്നും ചെയ്യാനാകില്ല. നാർക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട പദം തന്നോട് പറയരുത്. രാഷ്ട്രീയക്കാരനായിട്ടല്ല, മറിച്ച് എംപി എന്ന രീതിയിലാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇന്നലെ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സല്യൂട്ട് ചെയ്യുന്നത് ശരിയല്ല. ഒന്നെങ്കിൽ സല്യൂട്ട് എന്ന സമ്പ്രദായമേ അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ജനപ്രതിനിധികൾ സല്യൂട്ട് അർഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എംപിക്ക് സല്യൂട്ട് ചെയ്യാൻ പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ഉണ്ടെങ്കിൽ കാണിക്കാനും ആവശ്യപ്പെട്ടു.