എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്നും പിപി ഷൈജലിനെ ഒഴിവാക്കി

Keralam News Politics

വയനാട്: അച്ചടക്ക ലംഘനം കാണിച്ച് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്നും പി പി ഷൈജലിനെ ഒഴിവാക്കി. മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്‍റെയും മുഴുവൻ പദവികളിൽ നിന്നും ഷൈജലിനെ ഒഴിവാക്കിയതായി സംസ്ഥാന കമ്മിറ്റി പറഞ്ഞു. പരാതി നൽകിയ മുൻ ഹരിത നേതാക്കളെ അദ്ദേഹം പിന്തുണച്ചതാണ് ലീഗ് നേതാക്കളെ നടപടി എടുക്കാൻ പ്രേരിപ്പിച്ചത്. ഇത് കൂടാതെ പിഎംഎ സലാമാണ് ഹരിത നല്കിയ പരാതി നല്ല രീതിയിൽ കൈകാര്യം ചെയ്യാതെ വഷളാക്കിയതെന്നു കാണിച്ച് ലീഗിന്റെ ദേശീയ നേതൃത്വത്തിന് കത്തയച്ച എംഎസ്എഫ് നേതാക്കളില്‍ ഒന്ന് ഷൈജലാണ്.

കുറ്റാരോപിതരായ നേതാക്കൾ ഗൂ‌ഢാലോചന നടത്തുന്നുണ്ടെന്നും, പരാതി നൽകിയ ഹരിത നേതാക്കളെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഷൈജല്‍ ആരോപിച്ചിരുന്നു. ഹരിതയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിൽ ചർച്ചകൾ നടത്തിയിട്ടില്ല. ഹരിതയുടെ പരാതിയിൽ തൻ സത്യത്തിനൊപ്പമാണ് നിൽക്കുന്നതെന്നും അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഉന്നം വെയ്ക്കുന്ന അവസ്ഥയാണ് പാർട്ടിയിൽ നടക്കുന്നതെന്നും ഷൈജല്‍ വ്യക്തമാക്കിയിരുന്നു.