റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡോർ തട്ടി ബൈക്ക് മറിഞ്ഞ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

Crime Local News

പാലക്കാട് : നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരി മരിച്ചു. തേങ്കുറിശ്ശി സ്വദേശി സതീഷിന്റെ മകൾ അജ്മയാണ് മരിച്ചത്. ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സതീഷും കുടുംബവും പാലാട്ട് ജങ്ഷനിലാണ് അപകടത്തിൽ പെട്ടത്. സതീഷും ഭാര്യയും അജ്മയയും സഹോദരി അൻസികയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇവര്‍ ബൈക്കിൽ വരുന്നതിനിടെ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടന്ന് തുറക്കുകയും ഡോര്‍ ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

ബൈക്കിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാറോടിച്ചിരുന്ന കേന്ദ്ര സർക്കാർ ജോലിക്കാരനായ ഹരിയാനയിലെ ഗരഗ്പൂര്‍ സ്വദേശി ജസ്‍വീറിനെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.