നേതാക്കളുടെ പരസ്യ പ്രതികരണം; അതൃപ്തിയറിയിച്ച് രാഹുൽ ഗാന്ധി

Keralam News Politics

ദില്ലി: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പ്രശ്‍നങ്ങളിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി നടത്തിയ പ്രതികരണങ്ങളിൽ അതൃപ്തിയുണ്ടെന്ന് രാഹുൽ ഗാന്ധി. കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്റിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ചെന്നിത്തല അച്ചടക്ക ലംഘനം നടത്തിയിരുന്നു.

പാർട്ടിയിൽ കേരളത്തിന്റെ ഉത്തരവാദിത്തമുള്ള താരിഖ് അന്‍വറിനോടും കെ സി വേണുഗോപാലിനോടും രാഹുൽ ഗാന്ധി ചർച്ച നടത്തിയെന്നും അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നുമാണ് അറിയാൻ കഴിയുന്നത്. നിലവിൽ വി ഡി സതീശന്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കത്തിന്റെ പ്രതികരണങ്ങളും ഹൈക്കമാന്‍റ് ശ്രദ്ധിക്കുന്നുണ്ട്. നേതാക്കൾ ഇനിയും എതിർപ്പ് തുടർന്നാൽ ഹൈകമാൻഡ്‌ കനത്ത നടപടികളെടുത്തേക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

ഇതിനിടെ കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ പാർട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ ഹൈക്കമാന്‍റിന് പരാതി കൊടുത്തിട്ടുണ്ട്. സതീശനെയും സുധാകരനെയും പിൻതാങ്ങുന്ന നേതാക്കളാണ് ഈ പരാതിക്കു പിന്നിൽ. നേതൃത്വ മാറ്റത്തെ അംഗീകരിക്കുവാൻ രണ്ടു പേരും തയ്യാറാകുന്നില്ലെന്നും, രണ്ടു പേരും പരസ്യമായി നടത്തുന്ന പ്രസ്താവനകൾ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.