സർക്കാർ കാര്യങ്ങൾക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ

Keralam News

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. സര്‍ട്ടിഫിക്കറ്റുകൾക്ക് പകരം അപേക്ഷ നൽകുന്നവരുടെ സത്യവാങ്മൂലം വാങ്ങി വെയ്ക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പി.എസ്.സി അടക്കമുള്ള തൊഴിൽ നിയമന ഏജന്‍സികൾ അപേക്ഷ കൊടുക്കുന്ന സമയത്തു തന്നെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന രീതിയും ഒഴിവാക്കും. പകരം ജോലി ലഭിച്ചതിനു ശേഷമോ റാങ്ക് പട്ടികയിൽ ഇടം പിടിച്ചതിനു ശേഷമോ പരിശോധനയ്ക്കായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

ജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഭരണപരിഷ്‌കാര കമ്മിഷന്‍ സമർപ്പിച്ച ശുപാര്‍ശകളിൽ ചിലത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവ് കൊണ്ടുവരുന്നത്. വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന കമ്മിഷന്റെ അഞ്ചാമത്തെ റിപ്പോർട്ടിൽ നൽകിയ ശുപാര്‍ശകളാണ് ഇപ്പോൾ മന്ത്രിസഭാ അംഗീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ പൊതുഭരണവകുപ്പ് നടപ്പിലാക്കും.

ആവശ്യമില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കുന്ന രീതിയും നിർത്തലാക്കും. ഓരോ വകുപ്പിലും ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വെയ്ക്കും. ഇതിൽ ഒഴിവാക്കാൻ കഴിയാത്തവയുടെ കാര്യങ്ങൾ വകുപ്പുകളോട് ആലോചിച്ച് തീരുമാനിക്കും. അപേക്ഷ നൽകുന്ന ആളുടെ സത്യവാങ്മൂലം വെച്ച് ലഭ്യമാക്കാവുന്ന ആനൂകൂല്യങ്ങളും സേവനങ്ങളും ഏതൊക്കെയാണെന്ന് തീരുമാനിക്കാൻ വകുപ്പുകലോഡ് നിർദേശിച്ചിട്ടുണ്ട്. മുഴുവൻ അടിസ്ഥാന സര്‍ട്ടിഫിക്കറ്റുകളും ഡിജിലോക്കര്‍ സംവിധാനത്തിലാക്കി ഇത് പി.എസ്.സി ഉൾപ്പെടെയുള്ള നിയമന ഏജന്‍സികളുമായി ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.