രോഗവ്യാപനം കൂടുതൽ; സംസ്ഥാനത്തെ ആറ് വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങൾ

Health Keralam News

തിരുവനന്തപുരം: ആഴ്ചയിലെ കോവിഡ് രോഗബാധിതരുടെ ജനസംഖ്യാ അനുപാതം എട്ടിനും മുകളിലായ സംസ്ഥാനത്തെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാര്‍ഡുകളിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാര്‍ഡുകളിലും വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡിലുമാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതൽ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവാദിത്തമുള്ള എഡിഎംഇ മുഹമ്മദ് സഫീര്‍ പറഞ്ഞു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14-ാം വാര്‍ഡില്‍ 15.77, 20-ാം വാര്‍ഡില്‍ 16.68, വര്‍ക്കല മുനിസിപ്പാലിറ്റി 24-ാം വാര്‍ഡില്‍ 10.14 എന്ന നിലക്കാണ് രോഗബാധിതരുടെ ജനസംഖ്യാ അനുപാതം വരുന്നത്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിൽ നാല്, അഞ്ച്, പത്ത് വാർഡുകളിൽ യഥാക്രമം 8.69, 8.29, 8.6 എന്നുമാണ് അനുപാതം. ഇവിടങ്ങളിൽ ആവശ്യ സാധനങ്ങള്‍ ലഭ്യമാകുന്ന കടകൾക്ക് മാത്രമേ തുറക്കുവാൻ അനുമതിയുള്ളു. അതും പ്രവർത്തി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണിവരെ മാത്രമാണ്.