കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇ-സര്‍വീസ് ബുക്ക് ഏർപ്പെടുത്തി

Keralam News

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പുതിയ സംവിധാനമായ ഇ-സര്‍വീസ് ബുക്ക് ഏർപ്പെടുത്തി ധനവകുപ്പ്. 2021 ജനുവരി ഒന്ന് മുതൽ സർക്കാർ സർവീസ് ഹ്യൂടങ്ങിയ ജീവനക്കാർക്ക് ഇ-സര്‍വീസ് ബുക്ക് മാത്രമേ ഉണ്ടാവുള്ളൂയെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. അതുപോലെ 2023 ഡിസംബര്‍ 31നോ അതിനു മുൻപായോ സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് നിലവിലെ സാധാരണ സര്‍വീസ് ബുക്ക് തന്നെ തുടരാനുള്ള അനുമതിയുമുണ്ട്.

ഇന്‍ക്രിമെന്റിലൂടെയോ സ്ഥാനക്കയറ്റം മുഖേനയോ ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ ഇ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താൻ തുടങ്ങും. 2021 ജനുവരിക്ക് ശേഷം സർക്കാർ സർവീസിൽ കയറിയവരോ 2023 ഡിസംബർ 30 നുള്ളിൽ വിരമിക്കുന്നവരോ അല്ലാത്ത എല്ലാ സർക്കാർ ജീവനക്കാർക്കും ഇനി സാധാരണ സര്‍വീസ് ബുക്കിനോടൊപ്പം ഇ-സര്‍വീസ് ബുക്കും ഉണ്ടാവും. സാധാരണ സര്‍വീസ് ബുക്കിലെ മുഴുവൻ വിവരങ്ങളും അടുത്ത വർഷം ഡിസംബര്‍ 31നുള്ളിൽ ഇ-സര്‍വീസ് ബുക്കിലേക്ക് ചേർക്കാൻ നിർദേശമുണ്ട്.

ജീവനക്കാർക്ക് നൽകുന്ന സ്പാര്‍ക് ലോഗിന്‍ ഉപയോഗിച്ച് ഇ-സര്‍വീസ് ബുക്കിലുള്ള മുഴുവൻ വിവരങ്ങളും അവർക്ക് നേരിട്ട് പരിശോധിക്കാം. ജീവനക്കാരുടെ മൊബൈൽ നമ്പറും ഇ-മെയിലും ഉൾപ്പെടെയുള്ള വിവരങ്ങൾ കൊടുത്താൽ മാത്രമേ സ്പാര്‍ക്കില്‍ ലോ​ഗിന്‍ ചെയ്യാൻ കഴിയൂ. ധനവകുപ്പിന് കീഴിലുള്ള പെന്‍ഷന്‍ ബി വിഭാഗമാണ് ഇ സര്‍വീസ് ബുക്കിന്റെ ചുമതലകൾ ചെയ്യുന്നത്. ഓരോ രണ്ട് മാസവും ഇ-സര്‍വീസ് ബുക്കിനുള്ളിലെ മാറ്റങ്ങൾ ധനവകുപ്പ് വിലയിരുത്തുകയും ചെയ്യും.