ഓണത്തിന് ശേഷമുള്ള കേരളത്തിലെ കോവിഡ് സാഹചര്യം; അവലോകന യോഗം ഇന്ന്

Health Keralam News

തിരുവനന്തപുരം: ഓണാഘോഷത്തിനു ശേഷമുള്ള കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത അടിയന്തര യോഗം ഇന്ന് രാവിലെയും, മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് വൈകീട്ടും ചേരും.

ഓണം കഴിഞ്ഞതിൽ പിന്നെ കേരളത്തിലെ ദിവസേനയുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന അവസ്ഥയിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകാൻ സാധ്യതുണ്ട്. കേരളത്തിൽ ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയായതിനാൽ നിയന്ത്രണങ്ങള്‍ കൂട്ടാണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ തീരുമാനം എടുക്കും. കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കുക, കോവിഡ് രോഗികളുടെ എണ്ണവും മരണവും കുറയ്ക്കുക എന്നീ കാര്യങ്ങൾക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്.

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ എല്ലാ ആശുപത്രികളിലും ഓക്സിജന്റെ കിടക്കകളും ഐസിയു വാർഡുകളും സജ്ജമാക്കും. നിലവിലുള്ള വെന്റിലേറ്ററുകളുടെ എണ്ണം ഇനിയും വർധിപ്പിക്കും. കേരളത്തിലെ പല സ്ഥലങ്ങളും കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഡെല്‍റ്റയുടെ ഭീഷണിയിലാണെന്നും അതിനാൽ ഇനി വരുന്ന നാല് ആഴ്ചത്തേക്ക് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോ​ഗ്യമന്ത്രി നിർദേശം നൽകിയിരുന്നു.