ക്രെഡിറ്റ് കാര്‍ഡ് വഴി പണം തട്ടിപ്പ് കൂടുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്

Crime Keralam News

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരളം പോലീസ്. ക്രെഡിറ്റ് കാര്‍ഡ് മുഖേന കൂടുതൽ പണം സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം കൊടുത്ത് പണം തട്ടുന്ന സംഘങ്ങൾ കൂടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ചുള്ള പരസ്യം കൊടുത്താണ് ക്രെഡിറ്റ് കാർഡുള്ളവരെ തട്ടിപ്പുകാർ വലയിലാക്കുന്നത്.

പരസ്യത്തിൽ വിശ്വസിച്ച് അവരുമായി ബന്ധപ്പെട്ടാൽ ഉടനടി തട്ടിപ്പുകാരുടെ പ്രതിനിധി വിളിച്ചവരുടെ വീടുകളിലേക്കെത്തും. ശേഷം ക്രെഡിറ്റ് കാർഡിലെ നമ്പറും സി.വി.വി നമ്പറും മൊബൈൽ നമ്പറും രേഖപ്പെടുത്തും. ഇതിനിടെ ഉടമകൾക്ക് സംശയം തോന്നിയെന്ന് മനസിലായത് ഇവർ അവിടംവെച്ച് പിന്മാറും. അതിനു ശേഷം അവർ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയോ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയോ ചെയ്യും.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കൂടുതൽ പണം പിൻവലിക്കുന്നതിന് ബാങ്കുകള്‍ പുതുതായി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഈ നിയന്ത്രണം ഒഴിവാക്കാൻ സഹായിക്കാമെന്നാണ് തട്ടിപ്പുകാര്‍ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനു വേണ്ടി ചെറിയൊരു കമ്മീഷനും അവർ ആവശ്യപ്പെടും. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ വെച്ച് ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്. എന്നാൽ ചില സംഘങ്ങൾ ഡാര്‍ക്ക് വെബിലൂടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെയ്ക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. കേരളം പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങൾക്ക് തട്ടിപ്പ് സംബന്ധിച്ചുള്ള മുന്നറിയിപ്പ് കൊടുത്തത്.