ഹരിതയുടെ പരാതി വനിതാ ലീഗിനെ അറിയിച്ചില്ല- നൂർബിന റഷീദ്

Keralam News Politics

മലപ്പുറം: ഹരിതയിലെ പ്രവർത്തകർ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ ആരോപിച്ച ലൈംഗിക അധിക്ഷേപത്തെ കുറിച്ച് വനിതാ ലീഗിനെ അറിയിച്ചില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. ഹരിതയിലെ പ്രവർത്തകരുടെ യാതൊരു പരാതിയും വനിതാ ലീഗിന് കിട്ടിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ ലീഗിനോട് തീരുമാനിക്കാതെ നേരിട്ട് വനിതാ കമ്മീഷന് പരാതി കൊടുത്തതിൽ വലിയ നീരസമുണ്ടെന്നും കുടുംബത്തിൽ ഒരു പ്രശ്നം വന്നാൽ മുതിര്ന്ന വനിതകളോട് പറയാമായിരുന്നുവെന്നും നൂർബിന റഷീദ് വിശദമാക്കി. വനിതാ ലീഗ് ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കില്ലെന്നും പാർട്ടി ഫോറങ്ങളിലൂടെ മാത്രമേ നിലപാട് അറിയിക്കുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹരിതയുടെ പരാതിയെ കുറിച്ചും അതിൽ പാർട്ടിയെടുത്ത തീരുമാനങ്ങളെ കുറിച്ചും അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണെന്നും അല്ലാതെ ലീഗിന്റെ പരാതിയിൽ നടത്തിയ അന്വേഷണങ്ങളോ തീരുമാനങ്ങളോ അറിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. പരാതി നൽകിയ പ്രവര്‍ത്തകര്‍ക്കെതിരായി ലീഗ് കൈകൊണ്ട നടപടി ശരിയാണോ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നൽകാനാവില്ലെന്നായിരുന്നു അവരുടെ മറുപടി.

ഒറ്റയടിക്ക് ഒരു മാറ്റവും കൊണ്ടുവരാൻ കഴിയില്ല. എല്ലാ പാർട്ടികൾക്കും ഓരോ നടപടി ക്രമങ്ങളുണ്ട്, അതനുസരിച്ച് പ്രവർത്തിക്കണം. മുസ്ലിം ലീഗ് ഇപ്പോൾ എല്ലാം കൊണ്ടും തളർന്നിരിക്കുകയാണ്. അപ്പോൾ പാർട്ടിക്കുമേൽ കയറിപായുകയല്ല വേണ്ടതെന്നും കൈകൊടുത്ത് ഉയർത്തുകയാണ് ചെയ്യേണ്ടതെന്നും അവർ പറഞ്ഞു. വിഭാഗിയത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരും ചെയ്യരുത്. പക്ഷെ സ്ത്രീക്കെതിരെയുള്ള ലൈംഗിക അധിക്ഷേപം ഒരിക്കലും അംഗീകരിക്കില്ലെന്നും അങ്ങനെ ഒരു വിഷയം ഉണ്ടായാൽ സ്ത്രീകൾ ഉടനടി തിരിച്ചു പ്രതികരിക്കണമെന്നും നൂർബിന അറിയിച്ചു.