കേരളത്തിൽ ഇനി ലോക്ഡൗണ്‍ ഇല്ലാത്ത രണ്ടാഴ്ച കാലം

Keralam News

തിരുവനന്തപുരം: കേരളത്തിൽ ഇനി രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇല്ലാത്ത സാധാരണ ഗതിയിലുള്ള ജീവിതം. ഈ വരുന്ന രണ്ട് ഞായറാഴ്ചകളിലും സ്വാതന്ത്ര്യ ദിനം, മൂന്നാം ഓണം തുടങ്ങിയവയായതിനാൽ സമ്പൂർണ ലോക്ഡൗൺ ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെയാണിത്. മൂന്നു മാസത്തോളം നീണ്ട കർശന നിരോധനങ്ങള്‍ക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് കേരളത്തിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് വരുന്നത്.

ഇതോടൊപ്പം സംസ്ഥാനത്തെ ടൂറിസം മേഖലകളും തുറന്നു പ്രവർത്തിക്കുമെന്നത് വലിയ ആശ്വാസമായിട്ടുണ്ട്. ഇന്ന് മുതലാണ് സഞ്ചാരികള്‍ക്കായി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു കൊടുക്കുക. ഒരു ഡോസ് വാക്സിണെങ്കിലും എടുത്തവർക്കോ 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കോ ഇവിടങ്ങളിൽ പ്രവേശനം ലഭിക്കും. ഇവിടത്തെ ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയുമുണ്ട്.

വയനാട്, മൂന്നാര്‍, കുട്ടനാട്, പൊന്‍മുടി,ബേക്കല്‍, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇന് ആളുകളെ പ്രവേശിപ്പിക്കും. എന്നാൽ വരുന്ന സഞ്ചാരികളും ഈ കേന്ദ്രങ്ങളിലെ ജീവനക്കാരും ആദ്യഘട്ട വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. രണ്ടാം തരംഗം വന്നതിനു ശേഷം ആദ്യമായാണ് ഈ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു ആളുകൾക്ക് പ്രവേശനം നൽകുന്നത്. ബീച്ചുകള്‍ ഉൾപ്പെടെയുള്ള തുറസായിട്ടുള്ള ടൂറിസം മേഖലകളെല്ലാം ഇതിനുമുൻപ് തുറന്നിരുന്നു.

സമ്പൂർണ ലോക്ഡൗണ്‍ നടപ്പിലാക്കുന്ന ഞായറാഴ്ചകളിൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. ലോക്ഡൗൺ കാരണം ആഭ്യന്തരടൂറിസം മേഖലയ്ക്ക് 3000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞത്.