മാധ്യമപ്രവർത്തകൾ കെ.എം.ബഷീറിന്റെ കൊലപാതകം; വിചാരണ ഇന്ന് തുടങ്ങും

Crime Keralam

തിരുവനന്തപുരം: മാധ്യമപ്രവ‍ര്‍ത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുക. വിചാരണ നടപടികൾ തുടങ്ങുന്നതിനായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനു ശേഷം ആദ്യവട്ടമാണ് കേസ് പരിഗണയ്‌ക്കെടുക്കുന്നത്.

കുറ്റപത്രം സമർപ്പിച്ച് ഒന്നര വർഷം കഴിഞ്ഞാണ് വിചാരണ ആരംഭിക്കുന്നത്. ഇന്ന് വിചാരണ തുടങ്ങുന്നതിനായി കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനോടും, രണ്ടാം പ്രതിയായ വഫാ ഫിറോസിനോടും കോടതിയിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കേസ് അന്വേഷിച്ച പ്രത്യേക സംഘം തെളിവായി സമർപ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ട രാമന്‍ ആവശ്യപ്പെട്ടതിനാൽ മജിസ്ട്രേറ്റ് കോടതി കൊടുത്തിരുന്നു. അതിനു ശേഷമാണ് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. ശ്രീറാം മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച് വന്ന കാറിടിച്ച് 2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. കാറിന്റെ ഉടമയായ രണ്ടാം പ്രതി വഫ ഫിറോസും അപ്പോൾ കാറിലുണ്ടായിരുന്നു.