ബിടെക് ഓഫ്‌ലൈൻ പരീക്ഷകൾ; നടപടിക്കെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയിൽ

Education Keralam News

ന്യൂഡല്‍ഹി: ബി ടെക് പരീക്ഷകൾ ഓഫ് ലൈനായി നടത്താനുള്ള കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹര്ജി നൽകി വിദ്യാർത്ഥികൾ. ടിപിആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള ഈ സാഹചര്യത്തിൽ ഓഫ് ലൈൻ പരീക്ഷകൾ നടത്തുന്നത് അപകടമാണെന്നടക്കം നിരവധി കാര്യങ്ങൾ കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ഏതാണ്ട് അവസാനിച്ചെങ്കിലും കേരളത്തിലെ ഇപ്പോഴും രോഗ വ്യാപനം അധികമാണെന്നും, 120 എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ഇതിനിടെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും അതിനാൽ നേരിട്ട് കോളേജുകളിൽ വന്ന് പരീക്ഷകൾ എഴുതുന്നത് സുരക്ഷിതമല്ലെന്നുമാണ് ഹർജിയിൽ വിശദീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്വാറന്റീനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നും, കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ വരുന്നത് ബുദ്ധിമുട്ടാകുമെന്നും ഹർജിയിൽ പറയുന്നുണ്ട്.

സര്‍വകലാശാല പരീക്ഷകൾ ഓൺലൈൻ ആയി നടത്തുവാൻ സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കേരള സാങ്കേതിക സര്‍വകലാശാല വാങ്ങിയിട്ടുണ്ടെന്നും ഹർജിയിൽ വിദ്യാർത്ഥികൾ പരാമർശിക്കുന്നുണ്ട്. മേല്പറഞ്ഞ കാര്യങ്ങളെല്ലാം പരിഗണിച്ച് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലെയും ബിടെക് കോഴ്‌സുകളുടെ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, യുജിസി, എഐസിടിഇ, സാങ്കേതിക സര്‍വ്വകലാശാല തുടങ്ങിയവരെ എതിര്‍ കക്ഷികളായി കാണിച്ചാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.