നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാൻ കഴിയില്ല: സുപ്രീം കോടതി

Keralam News

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ നല്‍കിയ ഹർജി തള്ളി. കേസ് പിന്‍വലിക്കാൻ കഴിയില്ലെന്നും മന്ത്രി ശിവൻകുട്ടി ഉൾപ്പടെ മറ്റു ആറു പേരും വിചാരണ നേരിടണമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്.

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനാണെന്നും അല്ലാതെ പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ലെന്നും കോടതി വ്യക്തമാക്കി. സഭയിൽ പൊതുമുതൽ നശിപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും അതുവഴി ഭരണഘടനാ നിയമങ്ങളെ മറികടക്കുകയാണ് അംഗങ്ങൾ ചെയ്തതെന്നും കോടതി പറഞ്ഞു.

2015-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണു നിയമസഭയില്‍ അതിക്രമം നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ എംഎല്‍എമാർ ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡെസ്കിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു.

കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ എന്നിവരും പ്രതികളാണ്. നിയമസയിലെ പൊതുമുതല്‍ നശിപ്പിച്ചതിലെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.