മരംമുറി കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ വിമർശനം

Keralam News

വയനാട്: മുട്ടിൽ മരംമുറി കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന്റെ അന്വേഷണം നേരായ രീതിയിലല്ലെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. വളരെ വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ച് കടത്തിയിട്ടുള്ളത്. എന്നിട്ടും ഇതുവരെയും കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അത് സർക്കാരിന്റെ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറയുന്നത് സർക്കാർ അന്വേഷണം ശരിയായ രീതിയിൽ അല്ല എന്നുള്ളതിനുള്ള തെളിവാണിത് എന്നാണ്. എന്ത് നടപടിയാണ് സർക്കാർ കുറ്റക്കാർക്കെതിരെ എടുത്തിട്ടുള്ളത് എന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ചയ്ക്കുള്ളിൽ കേസിനാസ്പദമായ അറസ്റ് നടപടികൾ ബന്ധപെട്ട് മറുപടി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

മുദ്ര വെച്ച കവറിൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി സർക്കാരിനെ വിമർശിച്ചത്. 701 കേസുകൾ ഈ സംഭവത്തിൽ ഉണ്ടായിട്ടു എന്തുകൊണ്ടാണ് ഒരു പ്രതി പോലും അറസ്റ്റ് ചെയ്യപ്പെടാതിരുന്നത് എന്നതാണ് കോടതിയുടെ ചോദ്യം.