കെഎസ്‌ആര്‍ടിസിയിൽ ഇനി ഏതു സാഹചര്യത്തിലും യാത്ര മുടങ്ങില്ല

Keralam News

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ സർവീസിനിടെ ബ്രേക്ക് ഡൗണ്‍ ആവുകയോ ആക്സിഡന്‍റ് ആവുകയോ ചെയ്ത് തുടര്‍ യാത്ര മുടങ്ങുന്ന സാഹചര്യം ഇനിയുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ പകരം യാത്ര ഒരുക്കി, യാത്രക്കാർക്ക് കെഎസ്‌ആര്‍ടിസിയോടുള്ള വിശ്വാസ്യത കൂട്ടുന്നതിനായുള്ള പുതിയ നിർദേശം സിഎംഡി മുന്നോട്ടു വെച്ചു.

ഒരു രീതിയിലും ബ്രേക്ക് ഡൗണോ അപകടമോ കാരണം യാത്രക്കാരെ പരമാവധി മുപ്പതു മിനുറ്റിൽ കൂടുതൽ വഴിയിൽ നിരത്തരുതെന്നാണ് പുതിയ നിർദേശത്തിൽ ഉള്ളത്. തടസ്സപ്പെട്ട യാത്രയ്ക്ക് പകരം പുതിയ സംവിധാനം കണ്ടെത്തി ബസ് യാത്ര പൂർത്തീകരിക്കണം. ഇതിനായി കണ്ടക്ടര്‍മാര്‍ അഞ്ചു മിനിറ്റിനകം തന്നെ സർവീസ് നടത്താൻ കഴിയാതെ വന്ന പ്രശ്നം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂം ഈ വിവരം തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും 15 മിനിറ്റിനുള്ളിൽ പകരം സർവീസ് ഏര്‍പ്പെടുത്തുകയും ചെയ്യും.

സര്‍വീസ് നടത്തിയ ബസിന്റെ അതേ ക്ലാസില്‍ ഉള്ള ബസ് നിലവിൽ ഡിപ്പോയിലില്ലെങ്കിൽ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമായ ബസ് ഉപയോഗിച്ച്‌ തൊട്ടടുത്ത ഡിപ്പോ വരെ സര്‍വീസ് തുടരുകയും, യൂണിറ്റ് ഓഫീസര്‍മാരെ അറിയിച്ചു അടുത്ത ഡിപ്പോയിൽ നിന്ന് അതെ ക്ലാസ് ബസ് സംഘടിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഉ\ത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാര്‍ക്ക് ആയിരിക്കും

മുന്നറിയിപ്പില്ലാതെ ബസുകൾ സർവീസ് മുടക്കാനും ഇനി മുതൽ കഴിയില്ല. ഇതോടൊപ്പം യാത്രാക്കാര്‍ക്ക് തന്നെ കെഎസ്‌ആര്‍ടിസി കണ്‍ട്രോല്‍ റൂമില്‍ വിളിച്ച്‌ വിവരങ്ങൾ അറിയിക്കാനും, ചിത്രങ്ങള്‍ ഉള്‍പ്പെടെ കെഎസ്‌ആര്‍ടിസിയുടെ വാട്ട്സ് ആപ്പ് നമ്പറിൽ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.