മക്കളുടെ പബ്‌ജി കളി, അമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

Keralam News

കോഴിക്കോട്: ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് കേസുകളാണ് പോലീസിൽ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കോഴിക്കോടുള്ള ഒരു വീട്ടമ്മ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി കാണിച്ചു സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ്. പരാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണം ചെന്നെത്തിയത് സ്വന്തം മക്കളിലും. ഓൺലൈൻ ഗെയിമിനായി ഇവർ ചിലവഴിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്.

ഇന്ത്യയിൽ നിരോധിച്ച ഒന്നാണ് പബ്‌ജി ഗെയിം. അത് കളിച്ചാണ് അമ്മയുടെ അക്കൗണ്ടിൽ നിന്നും വൻ തുക മക്കൾ പിൻവലിച്ചത്. മക്കൾക്ക് ടാബും സ്മാർട്ട് ഫോണും വാങ്ങി കൊടുത്തത് ഓൺലൈൻ പഠനത്തിനുവേണ്ടിയായിരുന്നു. ഇവരുടെ അച്ഛൻ വിദേശത്താണ്. ഗെയിമിന്റെ പുതിയത് ഘട്ടങ്ങളിലേക്കു കടക്കുന്നതിനായി മൂവർക്കും പണം ആവശ്യമായി വന്നു.

അമ്മയുടെ നെറ്റ് ബാങ്കിങ് പാസ്‍വേർഡും മറ്റു വിവാരങ്ങളും കുട്ടികൾക്ക് അറിയാമായിരുന്നു. അത് ഉപയോഗിച്ച് കളിയുടെ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽ നിന്നും പണം എടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനെതിരെ അമ്മ പോലീസിൽ പരാതി നല്കിയെന്നറിഞ്ഞിട്ടും കുട്ടികൾ മൂന്നുപേരും ഇതിനെകുറിച്ച് അമ്മയോട് പറഞ്ഞിരുന്നില്ല. കേസിൽ വിവരങ്ങൾ പുറത്ത് വന്നത് സൈബർ സെൽ ഇൻസ്‌പെക്ടർ പി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലായിരുന്നു.