തൊഴിലാളികളെ പീഡിപ്പിച്ച് കിറ്റെക്‌സ്

Keralam News

കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനി ഫാക്ടറിയെക്കുറിച്ചും അവിടെ തൊഴിലാളികൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചുമുള്ള പരിശോധനാ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തൊഴിൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത് തൊഴിലാളികൾക്ക് ആവശ്യത്തിനുള്ള കുടിവെള്ളമോ ശുചിമുറികളോ ഇല്ലാതെയാണ് കമ്പനി അവിടെ പ്രവർത്തിച്ചു വരുന്നത് എന്നാണു. മാത്രമല്ല തൊഴിലാളികളെ അവധി ദിവസങ്ങളിലും പണിയെടുപ്പിക്കുന്നുമുണ്ട്. എന്നാൽ അതിനുള്ള അധിക വേതനവും നൽകുന്നില്ല.

കിറ്റെക്‌സ് കേരളം വിടുന്നത് ചർച്ചയായിരിക്കുന്നതിനിടെയാണ് പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത്തരം പരിശോധനകൾ കമ്പനിയും സർക്കാരിനും ഇടയിലുള്ള പോരിനാണ് വഴിയൊരുക്കുന്നത്. ഇതുവരെ പല സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കമ്പനിയിലേക്ക് പരിശോധനയുടെ പേരിൽ വന്നുപോയിട്ടുണ്ട്. ഇതോടെ കേരളവുമായുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി വേണ്ടാന്നു വെക്കുകയാണെന്ന് എം.ഡി സാബു ജേക്കബ് പറഞ്ഞു. മാത്രമല്ല ഒരു രേഖയും പരിശോധിക്കാതെ ഏകപക്ഷീയമായി ഉണ്ടാക്കിയ റിപ്പോർട്ട് ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

അതിനു പുറമെ കരാർ തൊഴിലാളികൾക്ക് ലൈസൻസോ അവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള റജിസ്റ്ററോ കമ്പനിയിൽ ഇല്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട മെഡിക്കൽ സൗകര്യങ്ങളോ സാലറി സ്ലിപ്പുകളോ ശമ്പളം നൽകുന്നുണ്ട് എന്ന് കാണിക്കുന്ന റജിസ്റ്ററോ അവിടെ ഇല്ല. മിനിമം വേതനം പോലും തൊഴിലാളികൾക്ക് നൽകുന്നില്ല എന്ന് മാത്രമല്ല അനാവശ്യമായി തൊഴിലാളികളിൽ നിന്നും പിഴ ഈടാക്കുന്നുമുണ്ട്. ഇത്തരത്തിൽ കമ്പനിക്ക് അകത്തും പുറത്തുനിന്നുമായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.