കുട്ടികളെ തൊട്ടാൽ പിടി വീഴും; സർക്കാരിന്റെ സുരക്ഷാ ആപ്പ്

Keralam News

തിരുവനന്തപുരം: കുട്ടികൾക്കുള്ള സുരക്ഷാ ആപ്പുമായി സംസ്ഥാന സർക്കാർ. കുട്ടികളായതുകൊണ്ട് എന്തും പറയാം എങ്ങനെയും സംസാരിക്കാം എന്ന് കരുതുന്നവർക്ക് പിടി വീഴും. ഒരു മൊബൈൽ ആപ്പിലൂടെയാണ് സർക്കാർ കുട്ടികൾക്ക് സുരക്ഷാ ഒരുക്കുന്നത്. നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇത് അവതരിപ്പിച്ചത്.

ഈ ആപ്പ് നിലവിൽ വരുന്നത് കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ഏജൻസിയിലൂടെയായിരിക്കും. വനിതാ ശിശുവികസന വകുപ്പിനായിരിക്കും ഇതിന്റെ നേതൃത്വം. കുട്ടികൾക്കെതിരെയുള്ള പീഡനം, പലതരം ചൂഷണങ്ങൾ, കുട്ടികളുടെ അവകാശം, നിയമങ്ങൾ എന്നിവയെക്കുറിച്ച് അറിയാനും അതിനു വേണ്ട മാർഗനിർദേശങ്ങളും ഇതിൽ ഉൾപെടുത്തിയിട്ടുണ്ടാകും.

അരുതാത്തതെന്തെങ്കിലും നടക്കുകയാണെങ്കിൽ അത് അറിയുന്നതിനും അതിലേക്ക് വേണ്ട ഉടനടി നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതിനുമുള്ള സൗകര്യം ഈ ആപ്പിൽ ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്നതാണ് ഈ ആപ്പ്. കുട്ടികൾക്കുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ തിരിച്ചറിയാനും അവരെ എങ്ങനെ നല്ല മാർഗനിർദേശങ്ങൾ കൊടുത്ത് വളർത്തണമെന്നുമെല്ലാം ഈ ആപ്പിൽ നിന്നും അറിയാവുന്നതാണ്.

വനിതാ ശിശുവികസന വകുപ്പ് തപാലിൽ പരാതിയും മേൽവിലാസവും എഴുതിയിട്ടാൽ തുടർനടപടി എടുക്കുന്ന ‘രക്ഷാദൂദ്’ എന്ന പദ്ധതിയും ഓൺലൈൻ വഴി വനിതകൾക്കുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകിയുള്ള ‘കാതോർത്ത്’ എന്ന പദ്ധതിയും നേരത്തെ നടപ്പിലാക്കിയിരുന്നു.

ഈ ലോക്ക്ഡൗൺ കാലയളവിൽ വീട്ടിൽ ലൈംഗിക പീഡനം നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്‌. വരുന്ന കേസുകളിൽ 55 ശതമാനവും ഇത്തരത്തിലുള്ളവയാണ്. അതിൽ വിഷമകരമായ കാര്യം പ്രതിപട്ടികയിൽ ബന്ധുക്കളും രക്ഷിതാക്കളുമാണെന്നതാണ്. അതുപോലെ തന്നെ ഓൺലൈൻ ചതികുഴികളിലൂടെയും കുട്ടികളെ ഈ കോവിഡ് കാലം വേട്ടയാടുകയാണ്. പഠനത്തിനും മറ്റുമായി ഇന്ന് വിദ്യാർത്ഥികളെല്ലാം ഓൺലൈനിലാണ്. ഇതൊരു അവസരമായെടുത്ത് ചതിക്കുഴികൾ ഒരുക്കി നടക്കുന്നവരും ഏറെയാണ്.