രണ്ടെണ്ണമടിച്ചാലോ? ആർടിഒയെ കമ്പനിക്ക് വിളിച്ച് യുവാവ്

Keralam News

ഇടുക്കി: ചെറുതോണിയിൽ ബൈക്കിൽ മദ്യപിച്ച് കോണു തെറ്റിയെത്തിയ യുവാവിന് ഗംഭീര പണി കൊടുത്ത് ആർടിഒ. അൺലോക്ക് ആയതിന്റെ ആഘോഷപരിപാടികളെല്ലാം കഴിഞ്ഞ് മടങ്ങുകയായിരുന്നു വാഴവര സ്വദേശിയായ യുവാവ്. ബൈക്കുമായി ചെന്നുപെട്ടതോ ആർടിഒയുടെ മുന്നിലും. ഔദ്യോഗിക ആവശ്യത്തിനായി കട്ടപ്പന പോയി വരുന്ന ആർടിഒ ആർ. രമണന്റെ മുന്നിലേക്കു ചെന്ന് പെടുകയായിരുന്നു യുവാവ്.

പന്തി അത്ര ശരിയല്ല എന്ന് കണ്ടതുകൊണ്ടുതന്നെ പിന്തുടർന്ന് പിടിക്കാൻ ആർടിഒ മുതിർന്നില്ല. നിയന്ത്രണമില്ലാതെയായിരുന്നു യുവാവ് ബൈക്കിൽ പോയിരുന്നത്. അതിനാൽ ആളറിയാതെ പുറകെ പിന്തുടരുകയായിരുന്നു. തുടർന്ന് അര മണിക്കൂറിനു ശേഷം സൗകര്യം ഒത്തുവന്നപ്പോൾ ആർടിഒ ബൈക്കിനു കുറുകെ വണ്ടി നിർത്തി. സുബോധത്തിൽ അല്ലാതിരുന്ന യുവാവിനെ തന്ത്രപൂർവം ജീപ്പിലേക്ക് കയറ്റുകയും ഡ്രൈവറോട് ബൈക്കുമായി വരാൻ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ജീപ്പോടിച്ചിരുന്നത് ആർടിഒ ആയിരുന്നു. ഇതിനിടയിലാണ് രസകരമായ സംഭവങ്ങൾ നടക്കുന്നത്. താനിപ്പോൾ ആർടിഒയുടെ വാഹനത്തിലാണെന്നും തനിക്ക് ലിഫ്റ്റ് തന്നത് ആർടിഒ ആണെന്നുമുള്ള ബോധം അപ്പോഴും യുവാവിനുണ്ടായിരുന്നില്ല. മടികുത്തിലുണ്ടായിരുന്ന മദ്യത്തിന്റെ കുപ്പിയെടുത്ത് വാഹനമൊന്ന് ഒതുക്കിയാൽ രണ്ടെണ്ണമടിച്ചിട്ടു പോകാമെന്നായി യുവാവ്. മദ്യപിക്കുന്നതിനായുള്ള ക്ഷണം ആർടിഒയ്ക്കും ഉണ്ടായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞിട്ടാവാം എന്ന് പറഞ്ഞ് ആർടിഒ അത് ഒഴിവാക്കി.

ഇടുക്കി പോലീസ് സ്റ്റേഷനിനക്കത്തേക്ക് വണ്ടി എത്തിയതിനു ശേഷം ഇനി വേണമെങ്കിൽ ഒരു കമ്പനിയാകാം എന്ന് ആർടിഒ പറയുമ്പോഴാണ് യുവാവിന് സ്വബോധം വരുന്നത്. പിന്നെ ഇതിപ്പോ ഏതു സ്ഥലമാണ് എന്ന ചോദ്യമായി. കാക്കിയും സ്റ്റേഷനും കണ്ടപാടെ കാര്യത്തിന്റെ ഗൗരവവും താൻ പെട്ടെന്ന കാര്യവും മനസിലായി.

ലൈസൻസുമില്ല വാഹനത്തിന് ഇൻഷുറൻസുമില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. ഒപ്പം യുവാവ് ഹെൽമറ്റും വെച്ചിട്ടുണ്ടായിരുന്നില്ല. ഏകദേശം പതിനയ്യായിരത്തോളം രൂപയാണ് ഇതിനെല്ലാം ചേർത്ത് ഫൈൻ വരുന്നത്. ഫൈൻ അടച്ചതിനു ശേഷം വാഹനം കോഡുണ്ടുപോകാമെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്വന്തം ജാമ്യത്തിൽ വിട്ടു. കോവിഡ് പശ്ചാത്തലത്തെ മുൻനിർത്തിയാണ് ജാമ്യത്തിൽ വിട്ടത്.